സണ്ണി ലിയോണിന് ഇഷ്ടപ്പെട്ട 'സ്‌നാക്ക്'; വണ്ണം കുറയ്ക്കുന്നവര്‍ക്ക് മാതൃകയാക്കാം...

By Web TeamFirst Published Jul 7, 2019, 9:59 PM IST
Highlights

കൃത്യമായ ഡയറ്റാണ് തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്ന് സണ്ണി ലിയോൺ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം നിർബന്ധം. പച്ചക്കറികളാണ് കൂടുതലിഷ്ടം. എങ്കിലും പ്രിയപ്പെട്ട ഈ 'സ്നാക്ക്' മിക്കപ്പോഴും കഴിക്കും...

ശരീരഘടനയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടിയാണ് സണ്ണി ലിയോണ്‍. കൃത്യമായ ഡയറ്റാണ് തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്ന് അവര്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. 

രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്നതാണ് ശീലം. പ്രഭാതഭക്ഷണം നിര്‍ബന്ധം. അതും ഓട്ട്‌സ് എന്ന ലളിത വിഭവത്തില്‍ അത് ഒതുക്കും. ഉച്ചയ്ക്ക് സലാഡ്. അധികവും പച്ചക്കറികളാണ് കഴിക്കാറ്. 

സമയാസമയത്തുള്ള ഭക്ഷണങ്ങള്‍ക്കിടയിലെ നേരങ്ങളില്‍ വല്ലതും കഴിക്കാന്‍ തോന്നിയാല്‍ താന്‍ തെരഞ്ഞെടുക്കാറ് ഒരേയൊരു 'സ്‌നാക്ക്' ആണെന്നാണ് സണ്ണി പറയുന്നത്. ഉപ്പും ബട്ടറുമൊന്നും ചേര്‍ക്കാത്ത 'പ്ലെയിന്‍' പോപ്‌കോണ്‍. 

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട 'സ്‌നാക്ക്'ഉം ഇത് തന്നെയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പോപ്‌കോണിനെ പറ്റി രണ്ട് തരത്തിലുള്ള പ്രചാരങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും അതേസമയം, ഒരു കുഴപ്പവുമില്ലെന്നും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്നറിയാമോ?

പോപ്‌കോണ്‍ വണ്ണം വര്‍ധിപ്പിക്കുമോ?

പോപ്‌കോണ്‍ വണ്ണം വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല, ശരീരത്തിന് ചില്ലറ ഗുണങ്ങള്‍ നല്‍കാനും അതിന് കഴിയും. മറ്റ് സ്‌നാക്‌സുകളെപ്പോലെ എണ്ണയില്‍ വറുത്തെടുക്കുന്നതല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ, ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍- സിങ്ക്- മഗ്നീഷ്യം പോലുള്ള ധാതുക്കള്‍, വിറ്റാമിന്‍ -ബി തുടങ്ങി ഒരുപിടി ഘടകങ്ങള്‍ പോപ്‌കോണിനെ ആരോഗ്യകരമാക്കുന്നു.

പോപ്കണിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' പല അസുഖങ്ങളെയും ചെറുക്കാന്‍ നമ്മളെ സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളേയും ക്യാന്‍സറിനേയും വരെ പ്രതിരോധിക്കാന്‍ 'പോളിഫിനോള്‍സി'ന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പോപ്‌കോണിനൊപ്പം ബട്ടറോ, മറ്റെന്തെങ്കിലും 'ആഡഡ് ഫ്‌ളേവേഴ്‌സ്'ഓ ചേര്‍ക്കുന്നത് ആരോഗ്യത്തിന് നേര്‍ വിപരീതഫലങ്ങളുണ്ടാക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാം. ഉപ്പ് ചേര്‍ക്കാതെ കഴിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഉപ്പ് വളരെ പരിമിതമായ അളവില്‍ മാത്രം ചേര്‍ക്കുക. ഉപ്പും ശരീരത്തിന് അത്ര നന്നല്ലെന്നത് കൊണ്ടാണിത്. 

click me!