പുറത്തുനിന്ന് ജ്യൂസ് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

By Web TeamFirst Published Feb 25, 2021, 6:26 PM IST
Highlights

പുറത്തുനിന്ന് ജ്യൂസ് വാങ്ങിക്കഴിക്കുന്നവര്‍ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെ കുറിച്ച് പലപ്പോഴും ശ്രദ്ധാലുക്കളാകാറില്ലെന്നതാണ് സത്യം. ഈ വിഷയത്തെ കുറിച്ച് അല്‍പം കൂടി വിശദമായി സംസാരിക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ഡോ. സിദ്ധാര്‍ത്ഥ് ഭാര്‍ഗവ

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ചിലര്‍ പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതിനുള്ള മടി കൊണ്ടോ, രുചിയുടെ പ്രശ്‌നം കൊണ്ടോ അത് ജ്യൂസാക്കി കഴിക്കാറുണ്ട്. മിക്കപ്പോഴും പുറത്തുനിന്നായിരിക്കും ഇത്തരത്തില്‍ ജ്യൂസുകള്‍ വാങ്ങിക്കഴിക്കുന്നത്. 

ഇങ്ങനെ പുറത്തുനിന്ന് ജ്യൂസ് വാങ്ങിക്കഴിക്കുന്നവര്‍ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെ കുറിച്ച് പലപ്പോഴും ശ്രദ്ധാലുക്കളാകാറില്ലെന്നതാണ് സത്യം. ഈ വിഷയത്തെ കുറിച്ച് അല്‍പം കൂടി വിശദമായി സംസാരിക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ഡോ. സിദ്ധാര്‍ത്ഥ് ഭാര്‍ഗവ. 

പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അതിലെ 'ഫൈബര്‍' എന്ന ഘടകത്തിന്റെ അളവ് വളരെ കുറഞ്ഞുപോകുമെന്നും അങ്ങനെ വരുമ്പോള്‍ പഴങ്ങളിലെ മധുരം അധികമായി അകത്തെത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഡോ. സിദ്ധാര്‍ത്ഥ് പറയുന്നു. 

'നമ്മള്‍ പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുമ്പോള്‍ അവയിലടങ്ങിയിരിക്കുന്ന മധുരം, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങി മറ്റ് പോഷകങ്ങളെല്ലാം അതുപോലെ ശരീരത്തിലെത്തുന്നു. പഴങ്ങളിലുള്ള പ്രകൃതിദത്തമായ മധുരം അതില്‍ നിന്നുള്ള ഫൈബര്‍ ബാലന്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ ജ്യൂസാക്കി കഴിക്കുമ്പോള്‍ ഫൈബര്‍ വളരെയധികം കുറയുകയാണ് ചെയ്യുന്നത്. അപ്പോള്‍ മധുരം അമിതമാകുന്ന സാഹചര്യമുണ്ടാകുന്നു. ഇതുതന്നെ കുപ്പികളിലാക്കി വരുന്ന ജ്യൂസാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത് ഏറെ അപകടമെന്നേ പറയാനുള്ളൂ...'- ഡോ. സിദ്ധാര്‍ത്ഥ് പറയുന്നു. 

പുറത്തുനിന്ന് പാക്കേജ്ഡ് ജ്യൂസുകള്‍ വാങ്ങുമ്പോള്‍ അവയുടെ ലേബലില്‍ എഴുതിയിരിക്കുന്ന വിശദാംശങ്ങള്‍ നല്ലത് പോലെ വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. മിക്ക ജ്യൂസുകളും പാക്കറ്റ് തുറന്നുകഴിഞ്ഞാല്‍ ഇത്ര മണിക്കൂര്‍ നേരത്തേക്ക് അല്ലെങ്കില്‍ ഇത്ര ദിവസത്തേക്ക് എന്ന അളവിലാണ് കേട് കൂടാതെ ഇരിക്കുക. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ എത്ര 'കാര്‍ബ്', 'ഫൈബര്‍' എന്നിവ അടങ്ങിയിരിക്കുന്നു എന്നും മനസിലാക്കണം. 'കാര്‍ബ്' അല്ലെങ്കില്‍ 'സിമ്പിള്‍ ഷുഗര്‍' അധികവും 'ഫൈബര്‍' കുറവുമാണെങ്കില്‍ ആ ജ്യൂസ് നിങ്ങള്‍ക്ക് ക്രമേണ ഹാനികരമായി വരാം എന്നറിയുക- ഡോക്ടര്‍ പറയുന്നു.

Also Read:- മുടി കൊഴിച്ചില്‍ അകറ്റാൻ സവാള ജ്യൂസ്; ഉപയോ​ഗിക്കേണ്ട വിധം...

click me!