
തക്കാളിക്ക് പിന്നാലെ ഇഞ്ചിയും വിലക്കയറ്റത്തില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. തക്കാളിയുടെ കാര്യത്തിലെന്ന പോലെ തന്നെ എല്ലാ അടുക്കളകളിലെയും ഒരു നിത്യ സാന്നിധ്യമാണ് ഇഞ്ചിയും. അതുകൊണ്ട് തന്നെ ഇഞ്ചിയുടെ വില കൂടിയതും സാധാരണക്കാരെ വല്ലാത്ത രീതിയിലാണ് വലയ്ക്കുന്നത്.
ഇഞ്ചി ചേര്‍ക്കാതെ നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ തന്നെ വളരെ കുറവാണെന്ന് പറയാം. അത്രമാത്രം വിഭവങ്ങളില്‍ വരുന്നൊരു നിര്‍ബന്ധ ചേരുവയാണ് ഇഞ്ചി. ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് വീടുകളില്‍ മരുന്നാവശ്യങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ദഹനപ്രശ്നങ്ങളകറ്റാനോ, പ്രതിരോധശേഷിക്കായി ചായയിട്ട് കുടിക്കാനോ എല്ലാം ഇഞ്ചി ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
ഇപ്പോള്‍ ഇഞ്ചിക്ക് വില കൂടുമ്പോള്‍ ഇഞ്ചി കേടാകാതെ സൂക്ഷിക്കേണ്ടത് ഒരു അത്യാവശ്യമായി വന്നിരിക്കുകയാണ്. അല്ലെങ്കില്‍ മിക്ക വീടുകളിലും വാങ്ങുന്ന ഇഞ്ചിയില്‍ ഒരു ഭാഗം എന്തായാലും കേടായ ശേഷം കളയുന്നതായിരിക്കും പതിവ്. ഇപ്പോഴെന്തായാലും ആ പാഴ്ച്ചെലവ് നമുക്ക് താങ്ങുന്നതല്ല. അതിനാല്‍ ഇഞ്ചി കേടാകാതെ സൂക്ഷിക്കാൻ സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഇഞ്ചി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മിക്കവരും അങ്ങനെ തന്നെ പച്ചക്കറി ബാസ്കറ്റില്‍ വയ്ക്കുകയാണ് പതിവ്. ഇത് ഇഞ്ചി പെട്ടെന്ന് കേടാകുന്നതിലേക്ക് നയിക്കും. ഇഞ്ചി നന്നായിട്ടൊന്ന് കഴുകിയെടുത്ത് പേപ്പറിലോ മറ്റോ വച്ച് അതിന്‍റെ നനവ് മാറ്റിയ ശേഷം ഒരു പേപ്പര്‍ ടവലില്‍ പൊതിഞ്ഞ്- എയര്‍ ടൈറ്റ് ബോക്സിലാക്കി ഫ്രിഡ്ജില്‍ വച്ചുനോക്കൂ. പതിവിലും ആയുസ് ഇഞ്ചിക്ക് ലഭിക്കും.
രണ്ട്...
ഇഞ്ചി വിനാഗിരിയിലോ നാരങ്ങാനീരിലോ ഇട്ടുവയ്ക്കുന്നതും നല്ലൊരു രീതിയാണ്. ഇത് അനുയോജ്യമായ വിഭവങ്ങളിലേക്ക് ചേര്‍ക്കുന്നതിനായി പിന്നീടുപയോഗിക്കാം. ഇഞ്ചിയുടെ തൊലി കളഞ്ഞ്, കഴുകി വൃത്തിയാക്കിയ ശേഷം കഷ്ണങ്ങളായി മുറിച്ച് വൃത്തിയുള്ളൊരു കണ്ടെയ്നറില്‍ വിനാഗിരിയോ ചെറുനാരങ്ങാനിരോ നിറച്ച് അതില്‍ ഇഞ്ചി മുറിച്ചുവച്ചത് ഇട്ടുവയ്ക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ആവശ്യമുള്ള സമയത്ത് ഇതില്‍ നിന്ന് എടുത്ത് ഉപയോഗിക്കാം. ഇഞ്ചിയില്‍ ഏതെങ്കിലും വിധത്തിലുള്ള രോഗാണുക്കളുണ്ടെങ്കില്‍ അവയെ നശിപ്പിക്കാനും ഇത് ഏറെ പ്രയോജനപ്രദമാണ്.
മൂന്ന്...
ഇഞ്ചി ഒന്നിച്ച് വാങ്ങിക്കുമ്പോള്‍ അതില്‍ നിന്നൊു ഭാഗമെടുത്ത് പേസ്റ്റ് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. ഇത് ഒരേസമയം ഇഞ്ചി കേടാകാതെ സൂക്ഷിക്കാനും ഉപകാരപ്പെടും, ഒപ്പം തന്നെ പാചകവും എളുപ്പത്തിലാക്കും. ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം അല്‍പം ഉപ്പ് ചേര്‍ത്ത് നന്നായി അരച്ചെടുത്താണ് പേസ്റ്റ് തയ്യാറാക്കേണ്ടത്. ഇത് വൃത്തിയുള്ളൊരു കണ്ടെയ്നറിലാക്കി വേണം ഫ്രിഡ്ജില്‍ വയ്ക്കാൻ.
നാല്...
ഇഞ്ചി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി പേപ്പറിലോ മറ്റ് വച്ച് ഉണക്കിയെടുത്ത ശേഷം ഓവനില്‍ ബേക്ക് ചെയ്ത് ക്രിസ്പിയാക്കി എടുക്കണം. ശേഷം ഇത് പൊടിച്ച് വൃത്തിയുള്ള കണ്ടെയ്നറിലാക്കി സൂക്ഷിക്കാം. ഇഞ്ചി വെയിലില്‍ ഉണക്കിയും പൊടിച്ചെടുക്കാവുന്നതാണ്.
അഞ്ച്...
ഇഞ്ചിയുടെ തൊലി ഉപയോഗപ്രദമാണെന്നത് എത്ര പേര്‍ക്കറിയാം? ഇഞ്ചി നന്നായി കഴുകിയെടുത്ത ശേഷം തൊലി മാറ്റിയത് വേറെയെടുക്കുക. ഇതും നന്നായി കഴുകി വൃത്തിയാക്കണം. ഇനിയിതിലെ വെള്ളം മുഴുവനായി കളഞ്ഞ ശേഷം നല്ല- വൃത്തിയുള്ളൊരു കണ്ടെയ്നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ചായയില്‍ ചേര്‍ക്കാനും മറ്റ് പാനീയങ്ങളില്‍ ചേര്‍ക്കാനുമെല്ലാം ഇതുപയോഗിക്കാവുന്നതാണ്. അതുപോലെ ഇറച്ചിയോ മീനോ മാരിനേറ്റ് ചെയ്യാനും ഇതുപയോഗിക്കാം.
Also Read:- മുഖത്തിന്‍റെ തിളക്കം നഷ്ടപ്പെടുന്നുവോ? എങ്കില്‍ ഇതൊന്ന് ചെയ്തുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-