ബർഗർ ഓർഡർ ചെയ്ത യുവതിയെ 'തേച്ച്' കടക്കാർ; തെറ്റ് യുവതിയുടെ ഭാഗത്തെന്ന് ഭർത്താവ്

By Web TeamFirst Published Oct 24, 2020, 2:04 PM IST
Highlights

കനേഡിയന്‍ വനിതയായ കാറ്റീ പൂള്‍ ആണ് തനിക്കും ഭര്‍ത്താവിനും വേണ്ടി രാത്രിയില്‍ മക് ഡൊണാള്‍ഡ്‌സില്‍ നിന്ന് ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്. അല്‍പം കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ എത്തി. അകത്തുകയറി പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോള്‍ പക്ഷേ കാറ്റി അന്തം വിട്ടുപോയി
 

വിശന്നുവലഞ്ഞിരിക്കുമ്പോഴായിരിക്കും പലപ്പോഴും നമ്മള്‍ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത്. അപ്പോള്‍ കൃത്യമായി ഭക്ഷണം എത്തിയില്ലെങ്കിലുള്ള കാര്യം ഒന്നാലോചിച്ച് നോക്കൂ. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

എന്നാല്‍ ഈ സംഭവത്തില്‍ ചെറിയ 'ട്വിസ്റ്റ്' ഉണ്ട്. അതെന്താണെന്ന് വഴിയേ പറയാം. കനേഡിയന്‍ വനിതയായ കാറ്റീ പൂള്‍ ആണ് തനിക്കും ഭര്‍ത്താവിനും വേണ്ടി രാത്രിയില്‍ മക് ഡൊണാള്‍ഡ്‌സില്‍ നിന്ന് ഹാംബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്. 

അല്‍പം കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ എത്തി. അകത്തുകയറി പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോള്‍ പക്ഷേ കാറ്റി അന്തം വിട്ടുപോയി. ബര്‍ഗര്‍ പോയിട്ട് ബര്‍ഗറിന്റെ മണം പോലുമില്ല. ആകെയുള്ളത് രണ്ട് പാക്കറ്റ് കെച്ചപ്പ്. ഈ അവസ്ഥയില്‍ ആരും കടക്കാരെ കുറ്റപ്പെടുത്തും അല്ലേ?

എന്നാല്‍ അതിന് വരട്ടെ. ഇവിടെ കുറ്റം കടക്കാരുടേതല്ലെന്നാണ് കാറ്റിയുടെ ഭര്‍ത്താവ് ജോഡി പൂള്‍ തന്നെ വെളിപ്പെടുത്തുന്നത്. ബര്‍ഗറോ മറ്റേതെങ്കിലും ഭക്ഷണമാകട്ടെ, അത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യപ്പെടുകയെന്നത് കാറ്റിയുടെ ഒരു ശീലമാണത്രേ. അങ്ങനെ പതിവ് പോലെ, ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചില വ്യത്യാസങ്ങള്‍ കാറ്റി ആവശ്യപ്പെട്ടു. 

'റെഗുലര്‍ ബണ്‍ വേണ്ട, മസ്റ്റാര്‍ഡ് വേണ്ട, ഉള്ളി വേണ്ട, പിക്കിള്‍സ് വേണ്ട, റെഗുലര്‍ പാറ്റിയും വേണ്ട'- എന്നായിരുന്നു കാറ്റി ഓര്‍ഡറിനൊപ്പം നല്‍കിയ നിര്‍ദേശം. ഇത്രയും സാധനങ്ങള്‍ വേണ്ടെങ്കില്‍ പിന്നെ ബര്‍ഗറും വേണ്ടായിരിക്കുമെന്ന് കടക്കാര്‍ തീരുമാനിച്ചതില്‍ എന്തെങ്കിലും തെറ്റ് പറയാനുണ്ടോ!

 

 

കെച്ചപ്പ് മാത്രമടങ്ങിയ ഭക്ഷണ ബോക്‌സിന്റെയും അതിന് പുറത്ത് കടക്കാര്‍ ഒട്ടിച്ചുനല്‍കിയ ഓര്‍ഡര്‍ വിശദാംശങ്ങളുടേയും ചിത്രം ജോഡി പൂള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ സംഗതി വൈറലായി. ഒരുപക്ഷേ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ കാറ്റിക്ക് പിഴവ് സംഭവിച്ചതാകാം എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എന്തായാലും 'ഇല്ലാത്ത ബര്‍ഗറി'ന്റെ കാശ് മക് ഡൊണാള്‍ഡ്‌സ് ഇവര്‍ക്ക് മടക്കിക്കൊടുത്തിട്ടുണ്ട്.

Also Read:- കൊവിഡിന് ശേഷം ഇങ്ങനെ ആയാലോ! ; കിടിലന്‍ മാതൃകയുമായി ഒരു നഗരം...

click me!