
ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ നാള്‍ക്കുനാള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിവരുന്ന സാഹചര്യമാണുള്ളത്. ലോക്ഡൗണ്‍ കാലത്ത് ആദ്യഘട്ടത്തില്‍ ഏതാനും മാസങ്ങളില്‍ സേവനം തടഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടാം കൊവിഡ് തരംഗത്തോടനുബന്ധിച്ച് വീണ്ടും പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളെല്ലാം തന്നെ സജീവമാണ്.
അധികവും നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവിതരണം മാത്രമല്ല, ഉപഭോക്താക്കളുമായി ഭക്ഷണവുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ ഭാഗവാക്കാകാനും ഈ കമ്പനികള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയ തന്നെയാണ് ഇതിന് വേദിയാകാറ്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം 'സൊമാറ്റോ' ട്വിറ്ററില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ കലോറി ഇല്ലായിരുന്നുവെങ്കില്‍ എന്ന് നിങ്ങളാഗ്രഹിക്കുന്ന ഭക്ഷണമേതാണ് എന്നായിരുന്നു 'സൊമാറ്റോ' ഉയര്‍ത്തിയ ചോദ്യം.
സാധാരണഗതിയില്‍ കലോറി കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് മിക്ക ഇന്ത്യന്‍ വിഭവങ്ങളും. ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന പലരും അതിനാല്‍ തന്നെ ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയും, നിയന്ത്രിക്കുകയുമെല്ലാം ചെയ്യാറുണ്ട്. വണ്ണം വയ്ക്കാനും, അതുവഴി പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാനുമെല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന അധിക കലോറി ഇടയാക്കാറുണ്ട്.
കലോറിയുടെ അളവ് കുറവായിരുന്നെങ്കില്‍ അല്ലെങ്കില്‍ കലോറിയില്ലായിരുന്നുവെങ്കില്‍ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടാതെ തന്നെ എത്രയെത്രയോ ഇന്ത്യന്‍ വിഭവങ്ങള്‍ നമുക്ക് ആസ്വദിച്ച് കഴിക്കാം. എന്തായാലും 'സൊമാറ്റോ'യുടെ ട്വീറ്റിന് കൂട്ടമായെത്തി പ്രതികരണമറിയിക്കുകയാണ് ഭക്ഷണപ്രേമികള്‍. പ്രമുഖര്‍ വരെ ഇതിലുള്‍പ്പെടുന്നു.
ചിക്കന്‍ ബിരിയാണി, പാവ് ബാജി, ജിലേബി തുടങ്ങി കലോറി അടങ്ങിയ ഇഷ്ടഭക്ഷണങ്ങളുടെ നീണ്ട പട്ടികയാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. ഏറെ രസകരമായ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.
Also Read:- 'പ്ലാസ്റ്റിക് ചട്ണി'; പേര് കേട്ട് അമ്പരക്കേണ്ട, സംഗതി ബംഗാളിയാണ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona