
സെനിക്ക: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് നാലുവട്ടം ചാമ്പ്യൻമാരായ ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്ത്. ഇന്നലെ രാത്രി സെനിക്കയിലെ ബിലിനോ പോൾജെ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക പ്ലേ-ഓഫ് ഫൈനലിൽ ബോസ്നിയ ഹെർസഗോവിനയോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-1 നായിരുന്നു ബോസ്നിയയുടെ വിജയം. ഇറ്റലിയുടെ ഫ്രാൻസെസ്കോ പിയോ എസ്പോസിറ്റോയു ബ്രയാൻ ക്രിസ്റ്റാന്‍റെയും കിക്കുകള്‍ പാഴാക്കി.
കളിയുടെ തുടക്കത്തിൽ ഇറ്റലിക്കായിരുന്നു ആധിപത്യം. 15-ാം മിനിറ്റിൽ മോയിസ് കീൻ നേടിയ മനോഹരമായ ഗോളിലൂടെ ഇറ്റലി മുന്നിലെത്തി. ജെനാരോ ഗാട്ടുസോയുടെ കീഴിൽ ഇറങ്ങിയ ടീം 2018-ലെയും 2022-ലെയും ദുരന്തങ്ങൾ മറികടക്കുമെന്ന് ആരാധകർ വിശ്വസിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ 41-ാം മിനിറ്റിൽ കളി മാറിമറിഞ്ഞു. ബോസ്നിയൻ താരം അമർ മെമിക്കിനെ ഫൗൾ ചെയ്തതിന് ഇറ്റാലിയൻ പ്രതിരോധ താരം അലസ്സാൻഡ്രോ ബാസ്റ്റോണിക്ക് ചുവപ്പു കാർഡ് ലഭിച്ചു. ഇതോടെ 10 പേരായി ചുരുങ്ങിയ ഇറ്റലി പ്രതിരോധത്തിലേക്ക് വലിഞ്ഞു. കളിയുടെ 79-ാം മിനിറ്റിൽ ഹാരിസ് തബാക്കോവിച്ചിലൂടെ ബോസ്നിയ സമനില പിടിച്ചു.
അധികസമയത്ത് ഗോൾകീപ്പർ ജിയാൻലൂജി ഡോണറുമ്മയുടെ മികച്ച സേവുകൾ ഇറ്റലിയെ രക്ഷിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ സമ്മർദ്ദത്തിന് കീഴടങ്ങാനായിരുന്നു അസൂരികളുടെ വിധി. ഇറ്റലിയുടെ ഫ്രാൻസെസ്കോ പിയോ എസ്പോസിറ്റോയുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. ബ്രയാൻ ക്രിസ്റ്റാന്‍റെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. മറുഭാഗത്ത് ബോസ്നിയ എടുത്ത നാല് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
2006-ൽ ലോകകിരീടം ഉയർത്തിയതിന് ശേഷം ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരം പോലും വിജയിക്കാൻ ഇറ്റലിക്ക് സാധിച്ചിട്ടില്ല. 48 ടീമുകൾ പങ്കെടുക്കുന്ന 2026-ലെ ലോകകപ്പിനും യോഗ്യത നേടാനാവാത്തതോടെ, തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് നഷ്ടമാകുന്ന ആദ്യ മുൻ ലോകചാമ്പ്യന്മാർ എന്ന നാണക്കേടും ഇറ്റലിക്ക് സ്വന്തമായി.വടക്കേ അമേരിക്കയിൽ ഫുട്ബോൾ ലോകകപ്പിന് കിക്കോഫാകുമ്പോള്‍ ഇത്തവണയും കാഴ്ചക്കാരായി ഇരിക്കാൻ ആണ് നാല് വട്ടം ചാമ്പ്യന്മാരായ ഇറ്റലിയുടെ വിധി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!