
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒത്തുചേരൽ അവിസ്മരണീയമാക്കി കോച്ച് അലക്സ് ഫെർഗ്യൂസനും സംഘവും. ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപിച്ചാണ് ഡേവിഡ് ബെക്കാം അടക്കമുള്ള 1999ലെ താരങ്ങൾ ഒത്തുചേരൽ ആഘോഷമാക്കിയത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾഡ് ട്രാഫോർഡിലെ ഡഗ്‌ഔട്ടിൽ സാക്ഷാൽ സർ അലക്സ് ഫെർഗ്യൂസൺ. പീറ്റർ ഷ്മെക്കേൽ, ഗാരി നെവിൽ, ഡേവിഡ് ബെക്കാം, പോൾ സ്കോൾസ്, ഒലേ സോൾഷെയർ തുടങ്ങി തലയെടുപ്പുളള താരനിര. മറുവശത്ത് ലോതർ മത്തേയുസിന്‍റെ ബയേൺ മ്യൂണിക്ക്. 1999ൽ ചാമ്പ്യൻസ് ലീഗ് അടക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ഹാട്രിക് കിരീടത്തിന്‍റെ ഇരുപതാം വാർഷികാഘോഷത്തിനാണ് ഇരുസംഘവും നേർക്കുനേർ അണിനിരന്നത്.
ആരോഗ്യാവസ്ഥ മോശമായിട്ടും പ്രതീകാത്മകമായി ബൂട്ടുകെട്ടിയ ആൻഡി കോളിന് പകരം ആദ്യ മിനിറ്റിൽ തന്നെ എത്തിയത് ഇപ്പോഴത്തെ കോച്ച് ഒലേ സോൾഷെയർ. 1999ലെ ഫൈനലിൽ ബയേണിനെതിരെ ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടിയ അതേ സോൾഷെയർ ഓർമ്മപുതുക്കലിലും താരമായി. പിന്നാലെ ഡ്വയ്റ്റ് യോർക്ക്, നിക്കി ബട്ട്, ലൂയിസ് സാഹ, ഡേവിഡ് ബെക്കാം എന്നിവരുടെ ഊഴം. യുണൈറ്റഡിന്‍റെ പുതുനിര ഈസീസണിൽ നിരാശമാത്രം സമ്മാനിച്ചപ്പോൾ പഴയപടക്കുതിരകൾ ആരാധകർക്ക്
സമ്മാനിച്ചത് അവിസ്മരണീയ മുഹൂർത്തങ്ങൾ.
മേയിൽ ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ആദ്യമായാണ് ഫെർഗ്യൂസൻ കളിത്തട്ടിലിറങ്ങുന്നത്. പഴയ സഹപരിശീലകനും ഇംഗ്ലണ്ടിന്‍റെ മുൻ കോച്ചുമായ സ്റ്റീവ് മക്ലാരനും ഫെർഗ്യൂസന് ഒപ്പമുണ്ടായിരുന്നു. 1999ലെ ഹാട്രിക് വിജയം ആഘോഷിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!