
സൂറിച്ച്: അപ്രതീക്ഷിത വിജയങ്ങളും നേട്ടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു 2025ലെ ലോക ഫുട്‌ബോള്‍. പ്രായത്തെ വെല്ലുന്ന മികവുമായി മെസ്സിയും റൊണാള്‍ഡോയും ഇക്കൊല്ലവും ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞുനിന്നു. യൂറോപ്യന്‍ കിരീടത്തിനായുള്ള പാരിസ് സെന്റ് ജര്‍മെയ്‌ന്റെ കാത്തിരിപ്പ് അവസാനിച്ച വര്‍ഷം. പിഎസ്ജി ചരിത്രനിമിഷത്തില്‍ എത്തിയത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗോളടിമേളത്തോടെ. ഇറ്റാലിയന്‍ കരുത്തരായ എ സി മിലാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തായിരുന്നു ഫ്രഞ്ച് ക്ലബിന്റെ കിരീടധാരണം.
ഫ്രഞ്ച് കപ്പിലും ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലും പിഎസ്ജിയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒസ്മാന്‍ ഡെംബലേയ്ക്ക് ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബലോണ്‍ ഡി ഓര്‍, ഫിഫ ദി ബെസ്റ്റ് പുര്‌സ്‌കാരളുടെ തിളക്കം. വനിതകളില്‍ എതിരാളികളില്ലാതെ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി. പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ആധിപത്യം കണ്ട വര്‍ഷം.
പക്ഷേ എഫ് എ കപ്പിലും ലീഗ് കപ്പിലും കണ്ടത് പുതുചരിത്രം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒറ്റഗോളിന് വീഴ്ത്തി ക്രിസ്റ്റല്‍ പാലസ് എഫ് എ കപ്പിന് അവകാശികളായി. ക്രിസ്റ്റല്‍ പാലസിന്റെ ചരിത്രത്തിലെ ആദ്യ മേജര്‍ ട്രോഫി. ന്യൂകാസില്‍ യുണൈറ്റഡ് ലീഗ് കപ്പ് സ്വന്തമാക്കിയത് ലിവര്‍പൂളിനെ മറികടന്ന്. എഴുപത് വര്‍ഷത്തിനിടെ ന്യൂകാസിലിന്റെ ആദ്യകിരീടം. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും ചാമ്പ്യന്‍മാര്‍. യുവേഫ നേഷന്‍സ് ലീഗില്‍ കിരീടമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍.
നേട്ടം യൂറോകപ്പ് ജേതാക്കളായ സ്‌പെയ്‌നെ തോല്‍പിച്ച്. വനിതാ യൂറോകപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ഇംഗ്ലണ്ട്. ഇന്റര്‍ മയാമിയെ എം എല്‍ എസ് കപ്പ് ജേതാക്കളാക്കി ലിയോണല്‍ മെസിയുടെ വിജയാരവം. മേജര്‍ ലീഗ് സോക്കറിലെ ഗോള്‍ഡണ്‍ ബൂട്ടും മികച്ചതാരത്തിനുള്ള പുരസ്‌കാരവും മെസ്സിക്ക് സ്വന്തം. സൗദി പ്രോ ലീഗിലെ ടോപ് സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനൊപ്പം പോര്‍ച്ചുഗല്‍ ജഴ്‌സിയിലും ഗോള്‍വേട്ട തുടര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!