സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി

Published : Dec 21, 2025, 03:12 PM IST
Lionel Messi In Kolkata, India

Synopsis

സംഘാടന പിഴവുമൂലം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതിന് പിന്നാലെ പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയത്തില്‍ കലാപന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യയിലെ നാലു നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകനായ ലിയോണല്‍ മെസിക്ക് എത്ര തുക നല്‍കിയെന്ന് കൊല്‍ക്കത്ത സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേണ സംഘത്തോട് വെളിപ്പെടുത്തി പരിപാടിയുടെ മുഖ്യ സംഘാടകനായ സതാദ്രു ദത്ത. മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക കലാപത്തെക്കുറിച്ച് അന്വേഷിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ദത്ത വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

സംഘാടന പിഴവുമൂലം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതിന് പിന്നാലെ പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയത്തില്‍ കലാപന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കസേരകൾ എടുത്തെറിഞ്ഞും തല്ലിത്തകര്‍ത്തും പ്രതിഷേധിച്ച ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തെത്തുടര്‍ന്ന് കായിക മന്ത്രിയായ അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇന്ത്യയിലേക്ക് വരും മുമ്പ് തന്നെ സന്ദര്‍ശന സമയത്ത് മെസിയോട് എങ്ങനെ പെരുമാറണമെന്ന് മെസിയുടെ സുരക്ഷാ സംഘത്തിലുള്ളവര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ദത്ത അന്വേഷണ സംഘത്തോട് പറഞ്ഞു.

ആലിംഗനം ചെയ്യുന്നതോ പിന്നില്‍ നിന്ന് ദേഹത്ത് സ്പര്‍ശിക്കുന്നതോ മെസിക്ക് ഇഷ്ടമല്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസിക്ക് ചുറ്റും വലിയ ആള്‍ക്കൂട്ടമുണ്ടാകുകയും പലരും അദ്ദേഹത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിക്കിതിരക്കുകയും ചെയ്തോടെ താരം അസ്വസ്ഥനായി. സന്ദര്‍ശനത്തിനിടെ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് മെസിക്കൊപ്പം നടന്ന് അദ്ദേഹത്തിന്‍റെ ഇടുപ്പില്‍ കൈയിട്ട് ചിത്രമെടുക്കാന്‍ ശ്രമിക്കുകയും തന്‍റെ സ്വാധീനം ഉപയോഗിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം മെസിക്കൊപ്പം നിന്ന് ചിത്രമെടുക്കാനായി തള്ളിക്കയറ്റുകയും ചെയ്തു. സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി 150 കോംപ്ലിമെന്‍ററി പാസുകള്‍ മാത്രമാണ് ഇഷ്യു ചെയ്തിരുന്നതെങ്കിലും സ്റ്റേഡിയത്തിലെത്തിയ വളരെ സ്വാധീനമുള്ളൊരു വ്യക്തിയുടെ ഇടപെടല്‍ മൂലം ഇതെല്ലാം മറികടന്ന് കൂട്ടത്തോടെ ആളുകളെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറ്റി. തന്നെക്കാള്‍ സ്വാധീനമുള്ള ആ വ്യക്തിയുടെ പ്രവര്‍ത്തി തടയാന്‍ തനിക്കായില്ലെന്നും അതാണ് പരിപാടി അലങ്കോലമാവാന്‍ കാരണമായതെന്നും അരൂപ് ബിശ്വാസിനെ കുറ്റപ്പെടുത്തി ദത്ത പറഞ്ഞു.

മെസിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ചെലവായ തുകയെക്കുറിച്ചും ദത്ത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇന്ത്യ സന്ദര്‍ശനത്തിനായി മെസിക്ക് 89 കോടി രൂപയും നികുതി ഇനത്തില്‍ സര്‍ക്കാരിന് 11 കോടിയും നല്‍കി.ഇതില്‍ 30 ശതമാനം തുക സ്പോണ്‍സര്‍മാരിലൂടെയും 30 ശതമാനം തുക ടിക്കറ്റ് വരുമാനത്തിലൂടെയും കണ്ടെത്തിയെന്നും ദത്ത പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് മുന്നോടിയായി ദത്തയുടെ അക്കൗണ്ടുകള്‍ അന്വേഷണസംഘം മരവിപ്പിച്ചപ്പോള്‍ 20 കോടി രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ഇത് കൊല്‍ക്കത്തയിലെയും ഹൈദരാബാദിലെയും മെസിയുടെ സന്ദര്‍ശനത്തിനുള്ള ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുകയാണെന്നാണ് ദത്ത പറഞ്ഞത്. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പിയൂഷ് പാണ്ഡെ, ജാവേദ് ഷമീം, സുപ്രാതിം സര്‍ക്കാര്‍, മുരളീധര്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സംഘര്‍ഷത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചു സംഘാടന പിഴവിനെക്കുറിച്ചും അന്വേഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച