പെനൽറ്റി സ്പോട്ടിൽ പിഴയ്ക്കുന്ന 'മിശിഹ', മെസിയെക്കാൾ മികച്ച റെക്കോര്‍ഡുള്ള 5 അർജന്‍റീനിയൻ താരങ്ങൾ; സ്കലോണി പറയുന്നത്

Published : Jul 11, 2026, 03:50 PM IST
Messi Penalty Miss

Synopsis

ഒരു ലോകകപ്പിൽ രണ്ട് പെനൽറ്റികൾ നഷ്ടപ്പെടുത്തിയ ഒരേയൊരു കളിക്കാരൻ എന്ന അത്ര സുഖകരമല്ലാത്ത റെക്കോർഡാണ് ഇപ്പോൾ മെസിയുടെ പേരിലുള്ളത്.

കൻസാസ് സിറ്റി: ഈ ലോകകപ്പിൽ ഗോളടിച്ചുകൂട്ടുമ്പോഴും ഒരു മോശം റെക്കോർഡിന്റെ നാണക്കേട് കൂടി ലിയോണൽ മെസിയുടെ പേരിലുണ്ട്. പെനൽറ്റി നഷ്ടങ്ങളുടെ റെക്കോര്‍ഡാണത്. ലോകകപ്പ് കരിയറിൽ എടുത്ത പെനൽറ്റികളിൽ പകുതി മാത്രമാണ് മെസിക്ക് ലക്ഷ്യത്തിലെത്തിക്കാനായത്. ഈ സാഹചര്യത്തിൽ മെസിക്ക് പകരം അർജന്‍റീനയ്ക്കായി പെനൽറ്റി എടുക്കാൻ കൂടുതൽ മികച്ച റെക്കോർഡുള്ള മറ്റാരെങ്കിലും മുന്നോട്ടുവരുമോ?. ടീമിലെ മറ്റ് താരങ്ങളുടെ കണക്കുകൾ പരിശോധിക്കാം.

ഒരു ലോകകപ്പിൽ രണ്ട് പെനൽറ്റികൾ നഷ്ടപ്പെടുത്തിയ ഒരേയൊരു കളിക്കാരൻ എന്ന അത്ര സുഖകരമല്ലാത്ത റെക്കോർഡാണ് ഇപ്പോൾ മെസിയുടെ പേരിലുള്ളത്. ഈ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു ആദ്യ പിഴവ്. തൊട്ടുപിന്നാലെ പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള നിർണായക മത്സരത്തിലും മെസിക്ക് പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ലോകകപ്പ് ചരിത്രത്തിൽ ആകെ എട്ട് പെനൽറ്റികളാണ് മെസി എടുത്തിട്ടുള്ളത്. അതിൽ നാലെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. മൂന്നെണ്ണം ഗോളിമാർ തടുത്തപ്പോൾ ഒരെണ്ണം പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

മെസിയുടെ കരിയർ റെക്കോർഡ് പരിശോധിച്ചാലും പെനൽറ്റിയിൽ വലിയ മേൽക്കൈ അവകാശപ്പെടാനില്ല. അർജന്‍റീനയ്ക്കായി എടുത്ത 32 പെനൽറ്റികളിൽ ഏഴെണ്ണം ലക്ഷ്യം കണ്ടില്ല. ക്ലബ് കരിയർ കൂടി ചേർത്താൽ ആകെ എടുത്ത 148 പെനൽറ്റികളിൽ 114 എണ്ണമാണ് ഗോളാക്കിയത്. ശരാശരി 77 ശതമാനം വിജയം മാത്രം. പെനൽറ്റി കിക്കുകളിൽ മെസിയേക്കാൾ മികച്ച കരിയർ റെക്കോർഡുള്ള അഞ്ച് താരങ്ങൾ നിലവിൽ അർജന്‍റീനിയൻ സ്ക്വാഡിലുണ്ട്, ലിയാന്ദ്രോ പരേഡെസാണ് അതില്‍ ഒന്നാമൻ. കരിയറിലെ 14 പെനൽറ്റികളിൽ 13ഉം ഗോളാക്കാൻ പരേഡെസിനായി.

അലക്സിസ് മാക് അലിസ്റ്ററിനും എൻസോ ഫെർണാണ്ടസിനും പെനൽറ്റി സ്പോട്ടിൽ 90 ശതമാനത്തിന് മുകളിൽ സക്സസ് റേറ്റുള്ളവരാണ്. യൂലിയൻ അൽവാരസും നിക്കോ ഗോൺസാലസും പെനൽറ്റി ഗോളാക്കുന്നതിലെ കരിയർ ശരാശരിയിൽ മെസിയേക്കാൾ മുന്നിലാണ്. കണക്കുകളിൽ മറ്റ് യുവതാരങ്ങൾ മുന്നിലാണെങ്കിലും കളിക്കളത്തിൽ അർജന്‍റീനയുടെ ആദ്യ ഓപ്ഷൻ എപ്പോഴും ലിയോണൽ മെസി തന്നെയാണ്. അതിന് കാരണം ടീമിന് മെസിയിലുള്ള അടിയുറച്ച വിശ്വാസമാണ്. നിലവിലെ ടീമിൽ മെസി രാജ്യത്തിനായി 32 പെനൽറ്റികൾ എടുത്തപ്പോൾ, ബാക്കിയുള്ള എല്ലാ കളിക്കാരും ചേർന്ന് ആകെ എടുത്തിട്ടുള്ളത് വെറും ഏഴ് പെനൽറ്റികൾ മാത്രമാണ്. ഈ പരിചയസമ്പത്ത് തന്നെയാണ് മെസിയെ ആദ്യ ചോയ്‌സാക്കി നിർത്തുന്നത്.

മെസിയുടെ പെനൽറ്റി പിഴവുകൾ വലിയ ചർച്ചയായിരിക്കെ, വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കി അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണിയും രംഗത്തെത്തിയിരുന്നു. പെനൽറ്റി എടുക്കണോ വേണ്ടയോ എന്നത് പൂർണ്ണമായും മെസിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സ്കലോണി വ്യക്തമാക്കി. ടീമിൽ മെസിയേക്കാൾ മികച്ച പെനൽറ്റി റെക്കോർഡുള്ള മറ്റ് താരങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് മെസി തന്നെ കിക്കുകൾ എടുക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അവൻ മൈതാനത്ത് എന്ത് വേണമെങ്കിലും ചെയ്യട്ടെ. പെനൽറ്റികൾ എടുക്കാൻ കെൽപ്പുള്ള മറ്റ് കളിക്കാരും ഞങ്ങളുടെ ടീമിലുണ്ട്. പക്ഷേ, മെസിക്ക് അത് എടുക്കണം എന്ന് തോന്നിയാൽ അവൻ തന്നെ എടുക്കും. ഇനി വേണ്ട എന്നാണ് തീരുമാനമെങ്കിൽ അത് അവന്‍റെ ഇഷ്ടം. കളിക്കളത്തിൽ എന്ത് ചെയ്യണം എന്നതിനെല്ലാം പൂർണ്ണ സ്വാതന്ത്ര്യം അവനുണ്ട്-സ്കലോണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിൽ നിന്ന് തോറ്റു പുറത്തായതിന് പിന്നാലെ റൊണാൾഡോയുടെ യൂറോ കപ്പ് ഓർമ്മ പുതുക്കൽ; 'ടൈമിംഗ്' തെറ്റിയെന്ന് ആരാധകർ
'അർജന്‍റീന ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്'; ഫിഫ സഹായ ആരോപണങ്ങൾക്ക് മറുപടിയുമായി സ്കലോണി