'അർജന്‍റീന ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്'; ഫിഫ സഹായ ആരോപണങ്ങൾക്ക് മറുപടിയുമായി സ്കലോണി

Published : Jul 11, 2026, 12:52 PM IST
Lionel Scaloni

Synopsis

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലും ഫുട്ബോൾ ആരാധകർക്കിടയിലും അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാരും 'വാർ' തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

കൻസാസ് സിറ്റി: ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ വഴിവിട്ട് സഹായിക്കുന്നുവെന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന വീണ്ടും ലോകകിരീടം ചൂടുന്നത് കാണാൻ ഇഷ്ടപ്പെടാത്ത ചിലരാണ് ഇത്തരം വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് സ്കലോണി തുറന്നടിച്ചു. സ്വിറ്റ്സർലൻഡിനെതിരെയുള്ള നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലും ഫുട്ബോൾ ആരാധകർക്കിടയിലും അർജന്‍റീനയ്ക്ക് അനുകൂലമായി റഫറിമാരും 'വാർ' തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ ഈജിപ്തിന്‍റെ ഒരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതും, അവർക്ക് അനുകൂലമായ പെനൽറ്റി അപ്പീൽ റഫറി തള്ളിയതുമാണ് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയത്. ലിയോണൽ മെസി ടൂർണമെന്‍റിൽ തുടരുന്നത് ഫിഫയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ ഈ സിദ്ധാന്തങ്ങളെയെല്ലാം അർജന്‍റീനിയൻ പരിശീലകൻ പൂർണമായും തള്ളിപ്പറഞ്ഞു.

ഞങ്ങൾ കഴിഞ്ഞ തവണ ലോകകപ്പ് നേടിയതുകൊണ്ട് തന്നെ, ഞങ്ങൾ ഇത്തവണ ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ പുറത്തുണ്ട്. അത് കളിക്കാരെയും ബാധിക്കുന്നുണ്ട്. ഇത്തരം വിമർശനങ്ങളെയും നെഗറ്റീവ് കമന്‍റുകളെയും മൈതാനത്ത് ഇതിലും മികച്ച കളി പുറത്തെടുക്കാനുള്ള ഒരു 'പ്രതിഷേധ വീര്യമായി' മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തരം ആസൂത്രിത പ്രചാരണങ്ങൾ അർജന്‍റീനയ്ക്ക് പുതുമയല്ലെന്നും സ്കലോണി പറഞ്ഞു. 1986-ൽ ഞങ്ങൾ ലോകകപ്പ് ജയിച്ചപ്പോഴും ഇതേ ആളുകൾ പറഞ്ഞിരുന്നത് അർജന്‍റീനയെ ആരോ സഹായിച്ചു എന്നാണ്. അതുകൊണ്ട് ഇതിലൊന്നും ഒരു പുതുമയുമില്ല. അർജന്‍റീന എപ്പോഴും ടൂർണമെന്‍റുകളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഞങ്ങളെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്നും സ്കലോണി പറഞ്ഞു.

 

ആധുനിക ഫുട്ബോളിലെ 'വാർ' സാങ്കേതികവിദ്യയിൽ ആർക്കും അനായാസം ഇടപെടാൻ കഴിയില്ലെന്നും സ്കലോണി വ്യക്തമാക്കി. വാർ ഉള്ള ഈ കാലത്ത് ഒരു ടീമിനെ മാത്രം പ്രത്യേകമായി സഹായിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഫിഫ അധികൃതർ നിയമങ്ങൾ എങ്ങനെയായിരിക്കുമെന്ന് എല്ലാ ദൃശ്യങ്ങളും സഹിതം ഞങ്ങൾക്ക് കൃത്യമായി കാണിച്ചു തന്നിരുന്നു. ആ നിയമങ്ങൾ അക്ഷരംപ്രതി തന്നെയാണ് മൈതാനത്ത് നടപ്പിലാക്കുന്നത്- സ്കലോണി കൂട്ടിച്ചേർത്തു. ഇന്ത്യൻ സമയം നാളെ (ഞായറാഴ്ച) രാവിലെ ആറരയ്ക്ക് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ, പുറത്തുനിന്നുള്ള ഇത്തരം വിവാദങ്ങൾ ടീമിന്‍റെ ശ്രദ്ധ തിരിക്കില്ലെന്നും കളിക്കാർ കൂടുതൽ കരുത്തോടെ പൊരുതുമെന്നും സ്കലോണി വ്യക്തമാക്കി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മിശിഹായുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല'; സ്വിസ് കോട്ട തകർക്കാൻ മെസിയും സംഘവും നാളെ ഇറങ്ങുന്നു
ഹാലണ്ട് എന്ന 'റോബോട്ടിന്' പിന്നിലെ ആ രഹസ്യ മാന്ത്രികൻ, പരിക്കേറ്റാൽ താരം ലെബനാനിലേക്ക് ഓടുന്നതിന് പിന്നിൽ