ലോകകപ്പ് കിട്ടാത്തതിന്റെ വിഷമം മറയ്ക്കാനാണ് റൊണാൾഡോ ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നാണ് വലിയൊരു വിഭാഗം ആരാധകര്‍ പറയുന്നത്.
ലിസ്ബൺ: ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന്‍റെ ആഘാതം മാറും മുൻപേ, ആരാധകരെ അമ്പരപ്പിച്ച് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. സ്പെയിനിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി, കണ്ണീരണിഞ്ഞ് കളംവിട്ട റൊണാൾഡോയുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്. എന്നാൽ, ഈ വലിയ നിരാശയ്ക്കിടയിലും താരം പങ്കുവെച്ച ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്. പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കിരീടനേട്ടമായ 2016-ലെ യൂറോ കപ്പ് വിജയത്തിന്‍റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. "ലക്ഷക്കണക്കിന് ആളുകളുടെ വിജയം" എന്ന അടിക്കുറിപ്പോടെ യൂറോ കപ്പ് കിരീടം ഉയർത്തിപ്പിടിക്കുന്ന ചിത്രമാണ് റൊണാൾഡോ പോസ്റ്റ് ചെയ്തത്.
യൂറോ കപ്പ് വിജയത്തിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് റൊണാൾഡോ ഈ ചിത്രം പങ്കുവെച്ചതെങ്കിലും, ലോകകപ്പിൽ നിന്ന് പുറത്തായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴുള്ള ഈ നീക്കം ആരാധകരെ ചൊടിപ്പിച്ചു. താരം ഇപ്പോഴും 'പഴയ കാല പ്രതാപത്തിൽ' ജീവിക്കുകയാണെന്നും തോൽവി അംഗീകരിക്കാൻ മടിയുള്ള ആളാണെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശിച്ചു.
'യൂറോ കപ്പും ലോകകപ്പും തുല്യം'; വിവാദമായി റൊണാൾഡോയുടെ വാക്കുകൾ
സ്പെയിനിനോട് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ റൊണാൾഡോ നടത്തിയ ചില പരാമർശങ്ങളും ട്രോളുകൾക്ക് ആക്കം കൂട്ടി.'ഞാൻ പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നതിന് മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ല. ദേശീയ ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം 2016-ലെ യൂറോ കപ്പാണ്. സത്യസന്ധമായി പറഞ്ഞാൽ, എന്നെ സംബന്ധിച്ച് യൂറോ കപ്പ് നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്' എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
ലോകകപ്പ് കിട്ടാത്തതിന്റെ വിഷമം മറയ്ക്കാനാണ് റൊണാൾഡോ ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നാണ് വലിയൊരു വിഭാഗം ആരാധകര്‍ പറയുന്നത്. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പഴയ യൂറോ കപ്പിന്റെ പടം പോസ്റ്റ് ചെയ്യാൻ റൊണാൾഡോയ്ക്ക് ഒട്ടും നാണമില്ലേ?, എത്ര ഇടുങ്ങിയ ചിന്താഗതിയാണ് ഇയാളുടേത്, മറ്റൊരു ആരാധകൻ കുറിച്ചു. അവസാന നിമിഷം വരെ ലോകകപ്പ് നേടാൻ കഴിയാത്തതിന്റെ വിഷമം റൊണാൾഡോയെ വേട്ടയാടിക്കൊണ്ടിരിക്കും. തോറ്റതിന് പിന്നാലെ യൂറോ കപ്പും ലോകകപ്പും ഒന്നാണെന്ന് പറയുന്നതും, പഴയ ട്രോഫി കാണിച്ച് ആശ്വസിക്കുന്നതും കഷ്ടമാണെന്നായിരുന്നു മറ്റൊരു ആരാധകൻ മറുപടി നല്‍കിയത്.
മിഷേൽ മെറീനോയുടെ അവസാന നിമിഷ ഗോളിൽ പോർച്ചുഗലിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ തകർന്നടിഞ്ഞപ്പോൾ, ബ്രൂണോ ഫെർണാണ്ടസും റൊണാൾഡോയും അടക്കമുള്ള താരങ്ങൾ നിരവധി അവസരങ്ങളാണ് പാഴാക്കിയത്. പോർച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഇതിഹാസ താരമാണെങ്കിലും, കരിയറിലെ ഏറ്റവും നിർണായകമായ ടൂർണമെന്റിൽ നിന്ന് പുറത്തായ ശേഷമുള്ള ഈ പോസ്റ്റിന്‍റെ 'ടൈമിംഗ്' തന്നെയാണ് റൊണാൾഡോയ്ക്ക് കനത്ത തിരിച്ചടിയായത്.
