
ന്യൂയോര്‍ക്ക്: ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഫ്രാൻസിന്‍റെ യുവ വിംഗർ മൈക്കൽ ഒലിസെ മൈതാനത്തെ കളി മികവിനപ്പുറം, തനിക്കൊപ്പം നിൽക്കുന്ന മനുഷ്യരോട് കാണിക്കുന്ന സമാനതകളില്ലാത്ത കൂറിന്‍റെയും നിലപാടിന്‍റെയും പേരില്‍ ആരാധകരുടെ ഹൃദയം കവരുകയാണ്. ഈ ലോകകപ്പിൽ 5 അസിസ്റ്റുകളുമായി ഫ്രഞ്ച് പടയുടെ തുറുപ്പുചീട്ടായും കിലിയൻ എംബാപെയുടെ പ്രധാന വഴികാട്ടിയായും ഒലിസെ തിളങ്ങിനിൽക്കുകയാണ്. എന്നാൽ ആഴ്ചകൾക്ക് മുൻപ് തന്‍റെ 94 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം താരം പെട്ടെന്ന് നീക്കം ചെയ്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി.
റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫറിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് ആദ്യം കരുതിയെങ്കിലും, ഇതിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവന്നതോടെ ആരാധകർ ഒലിസെക്കായി കൈയടിക്കുകയാണ്. ഫ്ലോറൻസ് പെർനെ എന്ന വ്യക്തിഗത ഫോട്ടോഗ്രാഫറാണ് ഒലിസെയുടെ കരിയറിലെ മികച്ച ചിത്രങ്ങൾ പകർത്തിയിരുന്നത്. ഒലിസെ തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫ്ലോറൻസ് പകർത്തുന്ന ചിത്രങ്ങൾ മാത്രമാണ് സാധാരണയായി പങ്കുവെക്കാറുള്ളത്. എന്നാൽ ഇത്തവണ ലോകകപ്പ് നടക്കുന്ന അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസയോ അക്രഡിറ്റേഷനോ ഫ്ലോറൻസിന് യുഎസ് അധികൃതർ നിഷേധിക്കുകയായിരുന്നു. തന്‍റെ ഫോട്ടോഗ്രാഫർക്ക് മൈതാനത്ത് വരാൻ കഴിയാത്ത സാഹചര്യത്തിൽ, ഫിഫയും മറ്റ് ഏജൻസികളും നൽകുന്ന ചിത്രങ്ങളോ പ്രൊഫഷണൽ ഫോട്ടോകളോ തന്റെ അക്കൗണ്ടിൽ ഉപയോഗിക്കേണ്ടതില്ലെന്ന് ഒലിസെ കടുത്ത തീരുമാനമെടുത്തു.
ഇതിന്‍റെ ഭാഗമായാണ് താരം പഴയ പോസ്റ്റുകളെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തത്. വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്ലോറൻസ് പെർനെ അമേരിക്കയിലേക്ക് പോകാതെ ഫ്രാൻസിലെ സ്വന്തം വീട്ടിലിരുന്ന് ടെലിവിഷൻ സ്‌ക്രീനിലൂടെയാണ് ഒലിസെയുടെ ലോകകപ്പ് മത്സരങ്ങൾ കാണുന്നത്. അവിടെയിരുന്ന് അവർ ടിവി സ്ക്രീനിൽ നിന്ന് ക്യാമറയിൽ പകർത്തുന്ന ക്വാളിറ്റി കുറഞ്ഞതും പിക്സലേറ്റഡുമായ ചിത്രങ്ങൾ മാത്രമാണ് ഒലിസെ ഇപ്പോൾ തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് അക്രഡിറ്റേഷൻ ഇല്ലായിരിക്കാം, പക്ഷേ എനിക്ക് എന്‍റെ ടിവിയും എന്‍റെ സ്വന്തം കാഴ്ചപ്പാടുമുണ്ടെന്ന് ഫ്ലോറൻസ് പെർനെ പറഞ്ഞു.
ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ആഗോള താരം, വമ്പൻ ഏജൻസികളുടെ ഗ്ലാമർ ചിത്രങ്ങളെല്ലാം അവഗണിച്ച്, വിസ കിട്ടാത്ത തന്‍റെ ഫോട്ടോഗ്രാഫറുടെ ടിവി സ്ക്രീൻ ചിത്രങ്ങൾ മാത്രം പങ്കുവെക്കുന്നത് കരിയറിലെ വലിയൊരു മാതൃകയായാണ് ആരാധകർ കാണുന്നത്. തന്റെ വിജയങ്ങളിൽ കൂടെ നിന്നവരെ മറക്കാത്ത യഥാർത്ഥ മനുഷ്യൻ എന്നാണ് സോഷ്യൽ മീഡിയ ഒലിസെയെ വിശേഷിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!