ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്, അടുത്ത ലോകകപ്പില്‍ 64 ടീമുകള്‍

Published : Jul 13, 2026, 09:26 AM IST
FIFA President Gianni Infantino

Synopsis

2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റീനോയുടെ ഈ നിർണായക പ്രതികരണം.

ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തി ലോകകപ്പ് വിപുലീകരിക്കുമെന്ന സൂചനകൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ആദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടത്തിയ ലോകകപ്പ് വൻ വിജയമാണെന്ന് വിലയിരുത്തിയ ജിയാനി ഇൻഫാന്‍റിനോ, 2030-ലെ നൂറാം വാർഷിക പതിപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഈ നിർണായക പ്രതികരണം. ലോകകപ്പ് ഏതാനും രാജ്യങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് സ്വിസ് മാധ്യമമായ 'ബ്ലൂവിൻ'-ന് നൽകിയ അഭിമുഖത്തിൽ ഇൻഫാന്‍റിനോ വ്യക്തമാക്കി.

നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിനെ '100 ശതമാനം വിജയം' എന്നാണ് ഇന്‍ഫാന്‍റിനോ വിശേഷിപ്പിച്ചത്. ലോകകപ്പ് എന്നത് മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമുള്ളതല്ല. ലോകകപ്പിൽ കളിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ചെറിയ രാജ്യങ്ങൾക്ക് നമ്മൾ അവസരം നൽകിയില്ലെങ്കിൽ, അവരുടെ ഫുട്ബോൾ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രചോദനം അവർക്ക് നഷ്ടമാകും. ഈ ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികൾ 64 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറുന്ന കാര്യം വിശദമായി ചർച്ച ചെയ്യും-ഇൻഫാന്‍റിനോ പറഞ്ഞു.

നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിലുള്ള സങ്കീർണ്ണമായ ഗ്രൂപ്പ് ഘട്ട സമവാക്യങ്ങൾ (മികച്ച മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നത് ഉൾപ്പെടെ) പൂർണ്ണമായും ഒഴിവാക്കാൻ 64 ടീമുകളുടെ ഘടനയ്ക്ക് സാധിക്കും. നാല് ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായിരിക്കും ഉണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് ഘട്ടത്തിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടും. ടൂർണമെന്‍റിലെ ആകെ മത്സരങ്ങളുടെ എണ്ണം 104-ൽ നിന്ന് 128 ആയി ഉയരും. ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ രാജ്യങ്ങൾക്ക് ആഗോള വേദിയിൽ പന്തുതട്ടാൻ അവസരം ലഭിക്കുമെങ്കിലും, ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയർന്നുകഴിഞ്ഞു.

യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ പ്രമുഖ ആഭ്യന്തര ലീഗുകൾ, കളിക്കാരുടെ യൂണിയനുകൾ എന്നിവർ ഫിഫയുടെ ഈ ലോകകപ്പ് വിപുലീകരണ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. കനത്ത മത്സരക്രമം കാരണം കളിക്കാർ ഇതിനകം തന്നെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, മത്സരങ്ങൾ വീണ്ടും കൂട്ടുന്നത് കളിക്കാരുടെ കരിയറിനെ ബാധിക്കുമെന്നുമാണ് ഇവരുടെ പ്രധാന ആശങ്ക. 2030 ലോകകപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായാണ് (സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ, ഉറുഗ്വേ, അർജന്‍റീന, പരാഗ്വേ) നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ മാത്രമാകും അര്‍ജന്‍റീനയിലും യുറുഗ്വായിലും പരാഗ്വായിലും നടക്കുക. ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ മുന്നോട്ടുവെച്ച ഈ 64 ടീം നിർദ്ദേശത്തിന് ഫിഫ ഗ്രീൻ സിഗ്നൽ നൽകുകയാണെങ്കിൽ, 2030-ലേത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ നിയമം ഞങ്ങളുടെ കളിയെ നശിപ്പിച്ചു, തെറ്റ് റഫറിയുടേത്..'; പ്രതികരണവുമായി സ്വിസ് കോച്ച് മുറാത്ത് യാക്കിൻ
'ഞാന്‍ നിങ്ങളോട് മാന്യമായാണ് സംസാരിക്കുന്നത്'; പോര്‍ച്ചുഗീസ് റഫറിയോട് കയര്‍ത്ത് മെസി