യുദ്ധം, കലഹം, ദൈവത്തിന്‍റെ കൈ, വൻകരകൾ കടന്ന പകയുടെ ചരിത്രം; വീണ്ടുമൊരു അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തിന് വേദി ഒരുങ്ങുമ്പോൾ

Published : Jul 13, 2026, 10:32 AM IST
Argentina vs England

Synopsis

ഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്.

അറ്റ്‌ലാന്‍റ: ഫുട്ബോൾ ചരിത്രത്തിൽ വൻകരകൾ കടന്ന ഒരു മഹാ വൈരമുണ്ടെങ്കിൽ അത് അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ളതാണ്. വെറുമൊരു കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണീ ക്ലാസിക് പോരാട്ടം. ലോകകപ്പിന്‍റെ സെമി ഫൈനൽ വേദിയിൽ ബുധനാഴ്ച ഇരുടീമുകളും വീണ്ടും മുഖാമുഖം നിൽക്കുമ്പോൾ ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. കളിത്തട്ടിലെ ഈ ചോരത്തിളപ്പിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

കാര്‍ഡുകളുടെ ഉത്ഭവം

ഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അർജന്‍റീന കളിക്കുന്നു. അന്ന് കളത്തിൽ കാർഡുകൾ കാണിക്കുന്ന രീതിയില്ല, റഫറിക്ക് നേരിട്ട് പുറത്താക്കാം. ഫൗളിന്‍റെ പേരിൽ അർജന്‍റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. എന്നാൽ കളംവിടാൻ റാറ്റിൻ കൂട്ടാക്കിയില്ല. അയാൾ റഫറിയോട് തർക്കിച്ചു, കോർണർ ഫ്ലാഗ് തകർത്തു, ഒടുവിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. പ്രകോപിതരായ ഇംഗ്ലീഷ് കാണികൾ റാറ്റിന് നേരെ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. ഈ നാടകീയ രംഗങ്ങളാണ് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകൾ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാനിറങ്ങിയപ്പോൾ ലിയോണൽ മെസിയുടെ കൈയിലെ കറുത്ത ആം ബാൻഡിലുണ്ടായിരുന്നത് ഈ റാറ്റിൻ എന്ന പത്താം നമ്പറിന്‍റെ ഓർമ്മയായിരുന്നു.

ഫോക്‌ലാൻഡ് യുദ്ധവും മൈതാനത്തെ പ്രതികാരവും

കളിക്കളത്തിന് പുറത്ത് തെക്കൻ അറ്റ്ലാന്‍റിക്കിലെ 'ഫോക്‌ലാൻഡ്' ദ്വീപിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ദ്വീപ് തങ്ങളുടേതാണെന്ന് അർജന്‍റീന വാദിച്ചപ്പോൾ ബ്രിട്ടീഷ് പടക്കപ്പലുകൾ കടൽ കടന്നെത്തി. 74 ദിവസം നീണ്ടുനിന്ന ആ രക്തരൂക്ഷിതമായ പോരാട്ടത്തിൽ അർജന്‍റീനയ്ക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ തന്ത്രങ്ങൾ ജയിച്ചപ്പോൾ, അർജന്‍റീനക്കാരുടെ മനസിൽ ആ തോൽവി വലിയൊരു മുറിവായി അവശേഷിച്ചു. ആ രാഷ്ട്രീയപ്പകയുടെ കനലുകൾ ഫുട്ബോൾ മൈതാനത്ത് നേർക്കുനേർ വന്നത് 1986-ലെ മെക്സിക്കോ സിറ്റി ലോകകപ്പ് ക്വാർട്ടറിലായിരുന്നു.

മറഡോണയുടെ 'ദൈവത്തിന്‍റെ കൈയും' നൂറ്റാണ്ടിന്റെ ഗോളും

അന്ന് അർജന്‍റീനയുടെ പത്താം നമ്പർ കുപ്പായമിട്ട് ഡീഗോ അർമാൻഡോ മറഡോണ എന്ന ഇതിഹാസം അവതരിപ്പിച്ചത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ത്രികതയായിരുന്നു. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ വായുവിൽ മറികടന്ന് കൈകൊണ്ട് തട്ടിയിട്ട ആ ഗോളിനെ ലോകം 'ദൈവത്തിന്റെ കൈ' എന്ന് വിളിച്ചു. ഇംഗ്ലീഷുകാർ ആ ചതിക്കെതിരെ ഒച്ചവെച്ചു തീരും മുൻപേ, വെറും നാല് മിനിറ്റിനുള്ളിൽ മറഡോണ അടുത്ത വിസ്മയം കാട്ടി. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി കുതിച്ച മറഡോണ, അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോൾകീപ്പറെയും ഡ്രിബിൾ ചെയ്ത് വെട്ടിച്ച് വലകുലുക്കി. ലോകം അതിനെ 'നൂറ്റാണ്ടിന്റെ ഗോൾ' എന്ന് വാഴ്ത്തി. ഫോക്‌ലാൻഡിൽ വീണവരുടെ ഓർമ്മയോ, അതോ അന്തോണിയോ റാറ്റിന്‍റെ അതേ പത്താം നമ്പറിന്‍റെ ആവേശമോ ആയിരുന്നു അന്ന് മറഡോണയിൽ ജ്വലിച്ചത്. ഇംഗ്ലണ്ടിനോട് അതിനേക്കാൾ മനോഹരമായി അർജന്‍റീനയ്ക്ക് ഒരു യുദ്ധം ജയിക്കാനുണ്ടായിരുന്നില്ല. അതൊരു ഫുട്ബോൾ മത്സരമായിരുന്നില്ല, അതൊരു യുദ്ധമായിരുന്നു. ഫോക്‌ലാൻഡിൽ മരിച്ചുവീണ ഞങ്ങളുടെ രാജ്യത്തെ സാധാരണക്കാരായ ആൺകുട്ടികൾക്ക് വേണ്ടിയുള്ള യുദ്ധം എന്നായിരുന്നു മത്സരശേഷം ഡീഗോ മറഡോണ പറഞ്ഞത്.

ബെക്കാമിന്‍റെ കഥ

കാലം കടന്നുപോയപ്പോൾ ഈ വൈരത്തിന്‍റെ തീവ്രതയ്ക്ക് നേരിയ കുറവുണ്ടായി. 1998 ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ അർജന്‍റീന ഷൂട്ടൗട്ടിൽ ജയിച്ചു കയറി. എന്നാൽ 2002 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയ്ക്കെതിരെ പെനാൽറ്റിയിലൂടെ ഒറ്റ ഗോൾ നേടി ബെക്കാം ആ ക്ഷീണം തീർത്തു. അതിനുശേഷം 24 വര്‍ഷത്തിനുശേഷമാണ് ലോകകപ്പില്‍ വീണ്ടുമൊരു ഇംഗ്ലണ്ട്-അര്‍ജന്‍റീന പോരാട്ടം വരുന്നത്. 2026 ലോകകപ്പിന്‍റെ സെമി ഫൈനൽ വേദിയിൽ ഈ രണ്ട് വൻശക്തികൾ വീണ്ടും മുഖാമുഖം നിൽക്കുമ്പോൾ ഫുട്ബോൾ ചരിത്രത്തിൽ ഇനിയെന്തെല്ലാം നാടകീയ മുഹൂർത്തങ്ങളാണ് പിറക്കുകയെന്ന് കാത്തിരിന്ന് കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്, അടുത്ത ലോകകപ്പില്‍ 64 ടീമുകള്‍
'ആ നിയമം ഞങ്ങളുടെ കളിയെ നശിപ്പിച്ചു, തെറ്റ് റഫറിയുടേത്..'; പ്രതികരണവുമായി സ്വിസ് കോച്ച് മുറാത്ത് യാക്കിൻ