കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങാന്‍ എ സി മിലാന്‍

By Web TeamFirst Published Jan 27, 2020, 9:34 PM IST
Highlights

ആദ്യ വര്‍ഷം തന്നെ അഞ്ച് വയസിനും 18 വയസിനും ഇടയിലുള്ള അറൂന്നൂറോളം കുട്ടികളെ അക്കാദമിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കി.

മിലാന്‍: ഇറ്റാലിയന്‍ ഫുട്ബോളിലെ വമ്പന്‍മാരായ എ സി മിലാന്‍ കേരളത്തില്‍ ഫുട്ബോള്‍ അക്കാദമികള്‍ തുടങ്ങുന്നു. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മൂന്ന് അക്കാദമികളാണ് തുടങ്ങുകയെന്ന് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു രാജ്യാന്തര ക്ലബ്ബ് ഒരു സംസ്ഥാനത്ത് മാത്രം മൂന്ന് അക്കാദമികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.  

അക്കാദമികള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന കാര്യത്തില്‍ ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല. കാലികറ്റ് സ്പോര്‍ട്സ് സിറ്റി എല്‍എല്‍പിയുമായുള്ള ധാരണപ്രകാരം വരും വര്‍ഷങ്ങളില്‍ തൃശൂരിലും കാസര്‍ഗോഡും കണ്ണൂരും അക്കാദമികള്‍ തുടങ്ങാനും ക്ലബ്ബിന് പദ്ധതിയുണ്ട്. ക്ലബ്ബിന്റെ ഔദ്യോഗിക പരിശീലകന്‍ ക്ലോഡിയോ സോള ഏപ്രിലില്‍ ഇന്ത്യയിലെത്തുമ്പോള്‍ അക്കാദമിയുടെ പ്രാരംഭപ്വര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് സൂചന.

ആദ്യ വര്‍ഷം തന്നെ അഞ്ച് വയസിനും 18 വയസിനും ഇടയിലുള്ള അറൂന്നൂറോളം കുട്ടികളെ അക്കാദമിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കി. ഇതിനുപുറമെ പ്രാദേശിക പരിശീലകര്‍ക്ക് പരിശീലനം നല്‍കി അവരെയും അക്കാദമികളുടെ ഭാഗമാക്കുമെന്നും എ സി മിലാന്‍ ഇന്റര്‍നാഷണല്‍ അക്കാദമി മാനേജര്‍ അലസാണ്ട്രോ ജിയാനി പറഞ്ഞു.

ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ 18 കിരീടങ്ങള്‍ നേടിയിട്ടുള്ള ക്ലബ്ബാണ് എ സി മിലാന്‍. അല്‍ജീരിയ, സൗദി അറേബ്യ, ജപ്പാന്‍, മൊറോക്കോ, വിയറ്റ്നാം, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലായി ക്ലബ്ബിന് 19 രാജ്യാന്തര അക്കാദമികളുണ്ട്.

click me!