സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ റയല്‍ മാഡ്രിഡിന്റെ ഡ്രെസിങ് റൂം നിയന്ത്രിക്കുകയും പരിശീലപ്പിക്കുകയും എളുപ്പമുള്ള ഒന്നല്ല. ജിദ്ദയിലെ ബാഴ്‌സലോണയുടെ കിരീടരാവില്‍ തെളിഞ്ഞിരുന്നു സാബിയുടേതല്ല റയലിലെ അവസാന വാക്കെന്ന്

സ്റ്റേഡിയത്തിലെത്തുന്നവർ റയല്‍ മാഡ്രിഡിന്റെ കളി ആസ്വദിക്കണം. ടെലിവിഷൻ സ്ക്രീനുകളില്‍ വീക്ഷിക്കുന്നവർക്ക് ഇതാണ് ഞങ്ങളുടെ റയല്‍ മാഡ്രിഡ് എന്ന് പറയാൻ കഴിയണം. ഇത് സാധ്യമായാല്‍ പ്രതിരോധിക്കാൻ കഴിയാത്ത ഒരു ശക്തിയയി നമ്മള്‍ മാറും. ഈ നിമിഷം വളരെ പ്രത്യേകതയുള്ള ഒരു യാത്രയുടെ തുടക്കമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു - സാബി അലോൻസൊ, മേയ് 26, 2025.

ക്ലബ്ബ് ഇതിഹാസമെന്ന തലവാചകത്തില്‍ നിന്ന് പരിശീലകന്റെ കുപ്പായം അണിയുമ്പോള്‍ അയാള്‍ പറഞ്ഞ വരികളാണിത്. റയലിന്റെ തൂവെള്ളയില്‍ ജയപരാജയങ്ങളുടേയും ഫൈനലുകളുടേയും കിരീടങ്ങളുടേയും മൂല്യം അയാള്‍ക്ക് ബോധ്യമുള്ളതാണ്. പക്ഷേ, വാൽഡെബെബാസിലേക്ക് ചുവടുവെച്ച ഏഴാം മാസം അയാള്‍ക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുന്നു. അതിന്റെ കാരണം തിരഞ്ഞ് ഒരുപാട് ദൂരേയ്ക്ക് പോകേണ്ടതില്ല. വിനീഷ്യസ് ജൂനിയറിലാണ് ആരംഭം, കിലിയൻ എംബാപെയില്‍ അവസാനവും. ഇതിനിടയില്‍ സാബിയുടെ ഫാസ്റ്റ് പേസ്‌ഡായുള്ള സിസ്റ്റത്തിനോട് കളത്തിനകത്തും ഡ്രെസിങ് റൂമിലും ഒത്തുപോകാൻ കഴിയാതെപോയ ടീമും.

സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ റയല്‍ മാഡ്രിഡിന്റെ ഡ്രെസിങ് റൂം നിയന്ത്രിക്കുകയും പരിശീലപ്പിക്കുകയും എളുപ്പമുള്ള ഒന്നല്ല. ജിദ്ദയിലെ ബാഴ്‌സലോണയുടെ കിരീടരാവ്, ആ മൈതാനത്തെ അവസാന നിമിഷങ്ങളില്‍ തെളിഞ്ഞിരുന്നു സാബിയുടേതല്ല റയലിലെ അവസാന വാക്കെന്ന്. സ്പാനിഷ് സൂപ്പർ കപ്പ് നേടിയ ബാഴ്‌സയ്ക്ക് ഗ്വാര്‍ഡ് ഓഫ് ഹോണർ നല്‍കാൻ താരങ്ങളെ ഒരുവശത്ത് നിന്ന് ക്ഷണിക്കുകയാണ് സാബി. മറുവശത്ത്, എംബാപെ താരങ്ങളോട് മൈതാനം വിടാൻ നിർബന്ധിക്കുന്നു. ഒടുവില്‍ കണ്ടത്, എംബായുടെ നിർദേശം പിന്തുടരുന്ന റയല്‍ താരങ്ങളെ ആയിരുന്നു...എല്ലാം വ്യക്തമായിരുന്നു അവിടെ...

ഇത് അവസാനത്തെ അധ്യായമായിരുന്നെങ്കില്‍ തുടക്കം ഒക്ടോബറില്‍ നടന്ന മറ്റൊരു എല്‍ ക്ലാസിക്കോയില്‍ ആയിരുന്നു. വിനീഷ്യസിനെ 72-ാം മിനുറ്റില്‍ സാബി സബ് ചെയ്ത നിമിഷം. പരസ്യമായി പ്രതിഷേധിച്ചായിരുന്നു അന്ന് വിനി കളം വിട്ടത്. ബാഴ്‌സയ്ക്ക് എതിരായ ജയത്തിനേക്കാള്‍ കായികലോകത്ത് ചർച്ച ആയതും വിനി-സാബി ഭിന്നതയായിരുന്നു. ആ മത്സരം സാബിയുടെ പ്രതിശ്ചായക്കും കളങ്കമേല്‍പ്പിച്ചു. പരിശീലകന് താരങ്ങളുടെ പിന്തുണയില്ല എന്ന കഥകള്‍ക്ക് ഉറപ്പ് നല്‍കി സംഭവം. എന്തിന് വിനിയുടെ കരാര്‍ പുതുക്കുന്നതില്‍ വരെ അനിശ്ചിതത്വമുണ്ടായി.

തന്റെ ആദ്യ പത്രസമ്മേളനത്തില്‍ തന്നെ ടീമിലെ ഏറ്റവും മൂല്യമുള്ള രണ്ട് താരങ്ങളാണ് എംബാപെയും വിനിയുമെന്ന് പറഞ്ഞ സാബിക്ക് ഇരുവരുടേയും താരപ്രഭയെ മറികടക്കാൻ കഴിഞ്ഞില്ലെന്ന് രണ്ട് എല്‍ക്ലാസിക്കോകള്‍ തെളിയിച്ചു. റയലിന്റെ ചരിത്രത്തിലുള്ളതാണ് ഇത്തരം ഭിന്നതകള്‍, ഒരുപക്ഷേ സാബിയുടെ സിസ്റ്റത്തില്‍ റയലിന്റെ കിതപ്പ് കുതിപ്പായി മാറിയിരുന്നെങ്കിലും പടിയിറക്കം ഒഴിവാക്കാനാകുമായിരുന്നു. അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്ന ആരാധകരും കിരീടങ്ങള്‍ ലക്ഷ്യമിടുന്ന ക്ലബ്ബും, ഇവിടെ തോല്‍വികള്‍ക്ക് സ്ഥാനമില്ല.

റയോ വലെക്കാനോ, എല്‍ഷെ, ജിറോണ എന്നിവര്‍ക്കെതിരെ പോയിന്റ് ഡ്രോപ്പ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയോടും സെല്‍റ്റ വിഗോയോടും ബെര്‍ണബ്യൂവില്‍ തോല്‍വി. എങ്കിലും മോശമല്ലാത്ത നിലയിലാണ് റയലിന്റെ സീസണിലെ യാത്ര. ലാ ലിഗയില്‍ രണ്ടാം സ്ഥാനം, ബാഴ്‌സയുമായി നാല് പോയിന്റിന്റെ വ്യത്യാസം. റയലിനെ റയലാക്കി മാറ്റിയ ചാമ്പ്യൻസ് ലീഗില്‍ സുരക്ഷിതമായി ഏഴാം സ്ഥാനത്ത്.

ജർമൻ ബുണ്ടസ്‌ലിഗയില്‍ ബയേര്‍ ലെവർകൂസനെ ഇൻവിൻസിബിള്‍ പട്ടത്തോടെ കിരീടത്തിലെത്തിച്ച സാബി. ആൻസലോട്ടിയുടെ പിൻഗാമിയാക്കി ഫ്ലൊറന്റീനൊ പെരേസ് സാബിയ പ്രഖ്യാപിക്കുമ്പോള്‍, ആ നേട്ടം ആവർത്തിക്കുമെന്നതായിരുന്നു പ്രതീക്ഷ. റയലിന്റേതിന് സമാനമായിരുന്നു ലെവര്‍കൂസണിലെ സാബിയുടെ കാലവും. അയാളോട് സമപ്പെടാൻ തുടക്കത്തില്‍ എല്ലാവരും തയാറായിരുന്നില്ല. പക്ഷേ, അനുകൂലഫലങ്ങളും ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പും താരങ്ങളെ അയാളിലേക്ക് തന്നെ എത്തിച്ചു. ഇത് റയലില്‍ ഒരിക്കലും സംഭവിച്ചില്ല.

തന്റെ ഏറ്റവും മികച്ച ഇലവനേയും, ഓരോ പൊസിഷനുകളിലേയും ഏറ്റവും മികച്ച താരങ്ങളേയും കണ്ടെത്താൻ സാബി നടത്തിയ നിരന്തരപരീക്ഷണങ്ങള്‍ താരങ്ങളുടെ അതൃപ്തി പിടിച്ചുപറ്റി. പൊസഷനുണ്ടെങ്കിലും ഇല്ലെങ്കിലും ഹൈ പ്രെസിങ് ശൈലി തുടരുന്ന ശൈലിക്ക് സ്വീകാര്യതയുമുണ്ടായില്ല. ഒപ്പം, പ്രതിരോധ നിരയിലെ സുപ്രധാന താരങ്ങളുടെ പരുക്കും. എല്ലാം ശരാശരി സീസണിലേക്ക് ഒതുങ്ങുന്നതിന് കാരണമായി. ഫെഡറിക്കോ വാല്‍വർദെ ഉള്‍പ്പെടെയുള്ള താരങ്ങളും സാബിയും രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു.

സൂപ്പർസ്റ്റാര്‍ കള്‍ച്ചറിനെ മറികടക്കാനാകാതെ സാബിയും പടിയിറങ്ങി. സാബിയായിരുന്നോ യഥാര്‍ത്ഥ പ്രശ്നമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് ക്ലബ്ബ് തയാറാകുമോയെന്നതാണ് ചോദ്യം. Some managers fit certain clubs. And some clubs refuse to be managed at all.