ആ ചുംബനത്തിൽ ഒരു മകന്റെ വിജയത്തിന്റെ ലഹരിയോ അഹങ്കാരമോ ആയിരുന്നില്ല, മറിച്ച് ഒരു അമ്മ തന്റെ ജീവിതം മുഴുവൻ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും കടംവീട്ടലായിരുന്നു!
2022 ഡിസംബറിലെ ആ ഖത്തർ രാവ്... സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ആർത്തുവിളിക്കുകയാണ്. ലോക ഫുട്ബോളിലെ വമ്പന്മാരായ സ്പെയിനിനെ തകർത്തുവിട്ട് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ചരിത്ര വിജയത്തിൽ നിര്‍ണായക പെനാൽറ്റി കിക്ക് വലയിലെത്തിച്ച അഷ്‌റഫ് ഹക്കിമിയെ ഒന്നു തൊടാൻ, കെട്ടിപ്പിടിക്കാൻ സഹകളിക്കാരും ക്യാമറക്കണ്ണുകളും ആർത്തിയോടെ ചുറ്റും കൂടുന്നു.
പക്ഷേ, ലോകം മുഴുവൻ തന്റെ കാൽക്കൽ വീണുകിടന്ന ആ നിമിഷത്തിൽ ഹക്കിമി ചെയ്തത് മറ്റൊന്നായിരുന്നു. അവൻ ആ വലിയ സ്റ്റേഡിയത്തിലെ ആരവങ്ങളെയോ ക്യാമറ കണ്ണുകളെയോ കണ്ടില്ല. സുരക്ഷാ വേലികൾ വകഞ്ഞുമാറ്റി അവൻ ഗാലറിയുടെ അരികിലേക്ക് ഓടി. അവിടെ, സാധാരണക്കാരിയായ ഒരു മൊറോക്കോക്കാരി ജനക്കൂട്ടത്തിനിടയിൽ നിന്ന് മകനെ നോക്കി കൈകൾ നീട്ടുന്നുണ്ടായിരുന്നു.
വിയർപ്പിലും കണ്ണീരിലും കുതിർന്ന തന്‍റെ മുഖം ആ അമ്മയുടെ തഴമ്പിച്ച കൈവെള്ളയിലേക്ക് ചേർത്തുവെച്ച് ഹക്കിമി അവരുടെ നെറ്റിയിൽ ആഴത്തിലൊരു മുത്തം നൽകി..ആ അമ്മ മകന്‍റെ കവിളിൽ ഉമ്മവെച്ചു, അവന്റെ വിയർപ്പ് തുടച്ചുമാറ്റി. ആ ഒരൊറ്റ ചിത്രത്തിൽ ഫുട്ബോൾ ലോകത്തിന്‍റെ കണ്ണുനിറഞ്ഞു. നെഞ്ച് പിടഞ്ഞു. ആ ചുംബനത്തിൽ ഒരു മകന്റെ വിജയത്തിന്റെ ലഹരിയോ അഹങ്കാരമോ ആയിരുന്നില്ല, മറിച്ച് ഒരു അമ്മ തന്റെ ജീവിതം മുഴുവൻ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും കടംവീട്ടലായിരുന്നു!