വിരമിക്കലും 'ഗോളോടെ'; സി വി പാപ്പച്ചൻറെ പടിയിറക്കം 36 പ്ലാവിൻ തൈകൾ നട്ട്

By Web TeamFirst Published May 31, 2021, 11:51 AM IST
Highlights

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സര്‍വ്വീസില്‍ നിന്ന് പൊലീസ് അക്കാദമിയിലെ കമാണ്ടന്റ് ആയി വിരമിക്കുമ്പോള്‍ കുറച്ചു വ്യത്യസ്തത കൊണ്ടുവരാമെന്ന ആശയം മുന്നോട്ടുവെച്ചത് പറപ്പൂരിലെ പഴയ കളിക്കൂട്ടുകാരാണ്.

തൃശൂർ: ഇന്ത്യയുടെ മുൻ ഫുട്ബോള്‍ താരം സി. വി. പാപ്പച്ചൻ ഇന്ന് പൊലീസില്‍ നിന്ന് വിരമിക്കുന്നു. പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ 36 പ്ലാവിൻ തൈകള്‍ നട്ടാണ് ഇന്ത്യയുടെ എക്കാലത്തെയും താരങ്ങളിൽ ഒരാളായ പാപ്പച്ചൻ പടിയിറങ്ങുന്നത്. പൊലീസ് യൂണിഫോമും ഫുട്ബോൾ ജഴ്സിയും മാറി മാറിയിട്ട് മൈതാനങ്ങളിലും പൊലീസ് അക്കാദമിയിലും 36 വര്‍ഷം‍ പൂർത്തിയാക്കിയാണ് പാപ്പച്ചന്റെ പടിയിറക്കം.

പറപ്പൂര്‍ എന്ന കൊച്ചു ഗ്രാമത്തിലെ കൊയ്ത്തു കഴിഞ്ഞ പാടത്ത് പന്തുതട്ടിതുടങ്ങിയ സി വി പാപ്പച്ചൻ എന്ന മുന്നേറ്റനിരക്കാരൻ ഗോളടിച്ചു കയറിയത് ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിലേക്കാണ്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സര്‍വ്വീസില്‍ നിന്ന് പൊലീസ് അക്കാദമിയിലെ കമാണ്ടന്റ് ആയി വിരമിക്കുമ്പോള്‍ കുറച്ചു വ്യത്യസ്തത കൊണ്ടുവരാമെന്ന ആശയം മുന്നോട്ടുവെച്ചത് പറപ്പൂരിലെ പഴയ കളിക്കൂട്ടുകാരാണ്.

പൊലീസ് ജീവിതത്തിലെ ഓരോ വര്‍ഷത്തെയും അനുസ്മരിച്ച് ഓരോ പ്ലാവ് നടാൻ തീരുമാനിച്ചപ്പോള്‍ കളത്തിനകത്തും പുറത്തും കൂട്ടുകാരനായ ഐ എം വിജയനുമെത്തി.ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന ആയൂർജാക്ക് എന്ന പ്ലാവിൻ തൈകളാണ് പാപ്പച്ചനും കൂട്ടുകാരും ചേര്‍ന്ന് അക്കാദമി ഗ്രൗണ്ടിൽ നട്ടത്. താൻ വെച്ച പ്ലാവുകള്‍ വളർന്ന് കായ്ച്ച് ഇനി വരുന്ന തലമുറയ്ക്ക് മധുരമൂട്ടട്ടെ എന്ന ആഗ്രഹത്തോടെയാണ് പാപ്പച്ചൻ ഗ്രൗണ്ട് വിട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!