
മാഞ്ചസ്റ്റർ: ബാഴ്സലോണയിൽ ലിയോണൽ മെസി-സെർജിയോ അഗ്യൂറോ സ്വപ്ന ജോഡിയെ കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാവുമോ ?. ബാഴ്സയിൽ തുടരുന്ന കാര്യത്തിൽ മെസി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും അർജന്റീന ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അഗ്യൂറോ ഈ സീസണിൽ ബാഴ്സയിലേക്ക് പോകുമെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള വ്യക്തമാക്കി. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്യൂറോയെന്ന് ഗാർഡിയോള പറഞ്ഞു.
ആ രഹസ്യം ഞാൻ പരസ്യമാക്കാം. ബാഴ്സയുമായി കരാറൊപ്പിടുന്നതിന് തൊട്ടടുത്താണ് അഗ്യൂറോ. ബാഴ്സയിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കൂടെയാണ് കളിക്കാൻ പോകുന്നതെന്നും ഗാർഡിയോള പറഞ്ഞു.
ഇത്തിഹാദിന്‍റെ രാജാവ് താൻ തന്നെയെന്ന് അടിവരയിട്ട്, പ്രീമിയർ ലീഗിൽ സിറ്റിയെ ഒരിക്കൽ കൂടി ചാമ്പ്യൻമാരാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് അഗ്യൂറോ സിറ്റിയുടെ നീലക്കുപ്പായം അഴിക്കുന്നത്. ആളും ആരവവും കൂട്ടിനില്ലാതിരുന്ന ഒരു ക്ലബ്ബിനെ മികവിന്‍റെ കൊടുമുടിയിലെത്തിച്ചുള്ള അർത്ഥവത്തായ മടക്കം. 2011-12 സീസണിലെ അവസാന മത്സരത്തിലെ അവസാന നിമിഷത്തിലെ ഗോളോടെ കിരീടം സിറ്റിക്ക് നൽകിയതടക്കം എത്രയെത്ര സുന്ദരമായ ഓർമ്മകൾ.അതിന് ശേഷം നാല് തവണ കൂടി സിറ്റിയെ ചാമ്പ്യന്മാരാക്കി അഗ്യൂറോ.
അഗ്യൂറോയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളിന് മാഞ്ചസ്റ്റർ സിറ്റി എവർട്ടനെ തകർത്ത മത്സരത്തിൽ ലീഗിൽ ഒരു ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും അഗ്യൂറോ സ്വന്തം പേരിലാക്കി. സിറ്റിക്കായി 184 ഗോളുകൾ നേടിയ അഗ്യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 183 ഗോൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. പത്ത് സീസണിലായാണ് ലീഗിൽ അഗ്യൂറോ സിറ്റിക്കായി184 ഗോൾ തികച്ചത്.
അയാൾ ഞങ്ങൾക്ക് പകരംവയ്ക്കാനില്ലാത്ത താരമെന്ന പെപ് ഗ്വാർഡിയോള യുടെ വാക്ക് മാത്രം മതി സിറ്റിക്ക് ആരായിരുന്നു അഗ്യൂറോ എന്ന് അറിയാൻ. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ പോരാട്ടമാണ് നീലക്കുപ്പായത്തിൽ അഗ്യൂറോയുടെ അവസാന മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!