ഐ എം വിജയനെ പദ്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

By Web TeamFirst Published Jun 17, 2020, 4:53 PM IST
Highlights

കരിയറില്‍ 66 തവണ ഇന്ത്യയെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 40 രാജ്യാന്തര ഗോളുകളുണ്ട് ഐഎം വിജയന്റെ പേരില്‍. 1999 -ലെ സീസണിലായിരുന്നു വിജയന്‍ പ്രതാപം മുഴുവന്‍ പുറത്തെടുത്തത്.

ദില്ലി: ഈ വര്‍ഷത്തെ പദ്മശ്രീ പുരസ്‌കാരത്തിന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ എം വിജയനെ നാമനിര്‍ദേശം ചെയ്തു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയന്റെ പേര് നിര്‍ദേശിച്ചത്. 1992, 1997, 2000 വര്‍ഷങ്ങളില്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഫുട്‌ബോളറാണ് വിജയന്‍.

2003ല്‍ കായിക രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി വിജയന് അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. 17 ആം വയസ്സില്‍ കേരള പൊലീസിന് വേണ്ടി ബൂട്ടണിഞ്ഞ വിജയന്‍ മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍, ജെസിടി ഫാഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1989 -ല്‍ വിജയന്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി. 

കരിയറില്‍ 66 തവണ ഇന്ത്യയെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 40 രാജ്യാന്തര ഗോളുകളുണ്ട് ഐഎം വിജയന്റെ പേരില്‍. 1999 -ലെ സീസണിലായിരുന്നു വിജയന്‍ പ്രതാപം മുഴുവന്‍ പുറത്തെടുത്തത്. അന്ന് 13 മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍ വിജയന്‍ അടിച്ചുകൂട്ടുകയുണ്ടായി.

രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും വേഗമേറിയ ഗോളുകളില്‍ ഒന്നും കേരളത്തിന്റെ മിന്നും താരമായ ഐഎം വിജയന്റെ പേരിലാണ്. ദക്ഷിണേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12 സെക്കന്‍ഡുകള്‍ക്കൊണ്ട് ഇദ്ദേഹം ഗോളടിക്കുകയായിരുന്നു. 1999 -ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക് ഗോള്‍ കുറിച്ച നേട്ടവും ഐഎം വിജയനുണ്ട്.

click me!