അടുത്ത വര്‍ഷം ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേയരാകുന്ന അമേരിക്ക പതിനാലാം സ്ഥാനത്തും മെക്സിക്കോ പതിനഞ്ചാമതും കാനഡ 27-ാം സ്ഥാനത്തുമാണ്.

സൂറിച്ച്: ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിങ്ങിലും സ്പെയിൻ തന്നെ ഒന്നാമത്. അർജന്‍റീനയാണ് രണ്ടാം സ്ഥാനത്ത്. അറബ് കപ്പ് സ്വന്തമാക്കിയ മൊറോക്കോ പതിനൊന്നാം സ്ഥാനത്തെത്തി. യൂറോ ചാംപ്യൻമാരായ സ്പെയിന് ലോക കിരീടം നേടാനുള്ള ഊർജം ഒന്നാം റാങ്കിൽ നിന്ന് ലഭിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ലോകചാംപ്യൻമാരായ അർജന്‍റീനയാണ് സ്പെയിന് പിന്നിൽ രണ്ടാമത്. കോപ്പാ കിരീടം നേടിയെത്തുന്ന മെസിയും സംഘവും അടുത്ത വർഷം ആദ്യം തന്നെ ഫൈനലിസമയിൽ സ്പെയിനെ നേരിടും. എല്ലാവരും കാത്തിരിക്കുന്ന മെസി-ലമീൻ യമാൽ പോരാട്ടവും ആരാധകര്‍ക്ക് കാണാനാവും.

ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള ടീമുകൾ. അടുത്ത വര്‍ഷം ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേയരാകുന്ന അമേരിക്ക പതിനാലാം സ്ഥാനത്തും മെക്സിക്കോ പതിനഞ്ചാമതും കാനഡ 27-ാം സ്ഥാനത്തുമാണ്. അറബ് കപ്പ് നേടിയ മൊറോക്കോ പതിനൊന്നാം സ്ഥാനത്തുണ്ട്. ജോർദാൻ, വിയറ്റ്നാം, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ റാങ്കിങ്ങിൽ മുന്നേറി. 80-ാം റാങ്കിലുള്ള കൊസോവയാണ് ഈ വർഷത്തെ ഏറ്റവും മിന്നും പ്രകടനം നടത്തിയത്. 2025ൽ 89 പോയന്‍റാണ് കൊസോവ നേടിയത്. കൊസോവ ഇക്കൊല്ലം 19 സ്ഥാനങ്ങള്‍ മെച്ചെപ്പെടുത്തി. കൊസോവയ്ക്കൊപ്പം മറ്റ് 12 രാജ്യങ്ങളും പത്തിലേറെ സ്ഥാനം ഇക്കൊല്ലം മെച്ചപ്പെടുത്തി.

ഇന്ത്യയുടെ സ്ഥാനം മാറിയില്ല

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 142-ാം സ്ഥാനത്ത് തുടരുന്നു. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒരു മത്സരം പോലും വിജയിക്കാൻ ഇന്ത്യയ്ക്കായിരുന്നില്ല. 2015ലെ 173- റാങ്കാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം പ്രകനം. ഇന്ത്യൻ ടീമിന്റെ മാത്രമല്ല, രാജ്യത്തെ ഫുട്ബോൾ തന്നെ പ്രതിസന്ധിയിലാണ്. ഐഎസ്എൽ നടത്തിപ്പ് ഉൾപ്പടെ പ്രതിസന്ധിയിലായ വർഷമാണ് കടന്നുപോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക