
ദില്ലി: വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് കത്തയച്ചു. എഐഎഫ്എഫിന്‍റെ താൽക്കാലിക സെക്രട്ടറി സുനന്ദോ ധർ ആണ് ഫിഫ സെക്രട്ടറി ജനറൽ ഫാത്‌മ സമോറയ്ക്ക് കത്തയച്ചത്.
12 വർഷമായി പ്രസിഡന്‍റ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫയുടെ വിലക്ക്. ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോൾ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താൽക്കാലിക സമിതി പിരിച്ചുവിട്ട് എഐഎഫ്എഫിന്‍റെ ഭരണ ചുതമല സുപ്രീം കോടതി സുനന്ദോ ധറിന് കൈമാറിയത്. ഫിഫ നിർദേശം പാലിക്കപ്പെട്ട സാഹചര്യത്തിൽ വിലക്ക് നീക്കണമെന്നാണ് എഐഎഫ്എഫിന്‍റെ ആവശ്യം.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്‍റെ ഭരണത്തിന് രൂപീകരിച്ച സമിതിയുടെ പ്രവർത്തനം സുപ്രീം കോടതി രണ്ട് ദിവസം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. ഭരണത്തിന്‍റെ ചുമതല ഫെഡറേഷന്‍റെ ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു. ഫിഫയുടെ വിലക്ക് മറികടക്കാനും അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം നഷ്ടപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് എഐഎഫ്എഫിനെ ഫിഫ കഴിഞ്ഞയാഴ്‌ച വിലക്കിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണസമിതി പിരിച്ചുവിട്ട് നേരത്തെ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് ഇപ്പോള്‍ അസാധുവായിരിക്കുന്നത്.
ഫിഫയുടെ വിലക്ക് വന്നതോടെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയത്വം അനിശ്ചിതത്വത്തിലായിരുന്നു. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടത്. ഫിഫയുടെ വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും എന്നതും വലിയ അനിശ്ചിതത്വമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് രണ്ട് ദിവസം മുമ്പ് പുറത്തുവന്നത്.
എഐഎഫ്എഫ് കേസ്: താല്‍ക്കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി