
കൊച്ചി: ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർ താരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചത്.
2016-17ലെ ഐ-ലീഗ് സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു. ആ സീസണിൽ എട്ട് ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബ്ബിന് കിരീടം ഉയർത്താൻ സഹായിക്കുന്നതായി അൽബിനോയുടെ പ്രകടനം. 2016 ൽ എ.എഫ്.സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23 ടീമിൽ അംഗമായിരുന്നു ആൽബിനോ.
കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ആൽബിനോ പറഞ്ഞു. ഐഎസ്എല്ലിലെ ഏറ്റവും ആവേശഭരിതമായ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിനാൽതന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻ കാത്തിരിക്കുകയാണ്-ആൽബിനോ പറഞ്ഞു.
ക്ലബ്ബുമായി കരാറൊപ്പിട്ടതിൽ ആൽബിനോയെ അഭിനന്ദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളിൽ താനും ടീമും വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തിന് മികച്ച വർഷങ്ങൾ ആശംസിക്കുന്നുവെന്നും സ്കിൻകിസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!