എല്ലാ കണ്ണുകളും മെസിയിലേക്ക്; ചാംപ്യന്‍സ് ലീഗില്‍ പിഎസ്‍ജി ഇന്നിറങ്ങുന്നു

By Web TeamFirst Published Sep 15, 2021, 10:39 AM IST
Highlights

ആദ്യ മത്സരത്തിനായി പിഎസ്ജി ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ലിയോണല്‍ മെസിയിലാണ്. ബാഴ്‌സലോണ ജഴ്‌സിയില്‍ അല്ലാതെ, ആദ്യമായാണ് മെസി ചാംപ്യന്‍സ് ലീഗില്‍ പന്തുതട്ടാനിറങ്ങുന്നത്. 

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ മരണ ഗ്രൂപ്പുകള്‍ ഇന്നുണരും. ഗ്രൂപ്പ് ബിയിലെ മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍, എ സി മിലാനെ നേരിടും. ലിവര്‍പൂള്‍ മൈതാനത്ത് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30നാണ് മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, പോര്‍ട്ടോയെ നേരിടും. 

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ പിഎസ്ജി, ക്ലബ്ബ് ബ്രുഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനേയും നേരിടും. റയല്‍ മാഡ്രിഡ്- ഇന്റര്‍ മിലാന്‍, അയാക്‌സ്- സ്‌പോര്‍ടിംഗ്, ബൊറൂസിയ ഡോര്‍ട്മുണ്ട്- ബെസിക്താസ് മത്സരവും ഇന്നുണ്ട്. 

അതേസമയം ആദ്യ മത്സരത്തിനായി പിഎസ്ജി ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ലിയോണല്‍ മെസിയിലാണ്. ബാഴ്‌സലോണ ജഴ്‌സിയില്‍ അല്ലാതെ, ആദ്യമായാണ് മെസി ചാംപ്യന്‍സ് ലീഗില്‍ പന്തുതട്ടാനിറങ്ങുന്നത്. 

120 ചാംപ്യന്‍സ് ലീഗ് ഗോളുകള്‍ മെസിയുടെ അക്കൗണ്ടിലുണ്ട്. മുപ്പത്തിയാറ് അസിസ്റ്റ്. നാല് കിരീടം. ഈ നേട്ടങ്ങളെല്ലാം കളിപഠിച്ച, ഇതിഹാസമായി വളര്‍ന്ന ബാഴ്‌സലോണയ്‌ക്കൊപ്പം. ആദ്യകിരീടം 2006ല്‍. 

2009ലും 2011ലും 2015ലും കാറ്റലന്‍ ക്ലബിനൊപ്പം യൂറോപ്യന്‍ രാജാവായി. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ്  മെസി ചാന്പ്യന്‍സ് ലീഗിനെത്തുന്നത് ഫ്രഞ്ച് ക്ലബ് പി എസ് ജിക്കൊപ്പം. 

ഒപ്പം നെയ്മറും എംബാപ്പേയുമുണ്ട്. പുതിയ കൂട്ടുകെട്ടിന് പി എസ് ജിയെ കിരീടത്തില്‍ എത്തിക്കാനായില്ലെങ്കില്‍ മാത്രമായിരിക്കും അത്ഭുതം.

click me!