മത്സരത്തിന് മുമ്പുള്ള സെക്‌സ് പ്രശ്‌നമല്ല, പക്ഷേ ഉറക്കം...; സിആര്‍7ന്‍റെ 'സ്ലീപ് ഗുരു' മുമ്പ് പറഞ്ഞത്

By Web TeamFirst Published Sep 14, 2021, 2:27 PM IST
Highlights

കായിക മത്സരങ്ങള്‍ക്ക് മുമ്പ് താരങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടരുത് എന്ന് പറയുന്നത് ആന മണ്ടത്തരമാണ് എന്നാണ് നിക് ലിറ്റിൽഹേൽസിന്‍റെ വാക്കുകള്‍

ലണ്ടന്‍: കായികതാരങ്ങളുടെ ഉറക്കവും ലൈംഗിക ജീവിതവും മുമ്പ് പലതവണ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈയടുത്ത് ടോക്കിയോ ഒളിംപിക്‌സിനിടെയും ഈ വിഷയം തുറന്ന വാഗ്‌വാദങ്ങള്‍ക്ക് വഴിവെച്ചു. എന്തായാലും വളരെ കായികാധ്വാനം ചെയ്യുന്നവര്‍ എന്ന നിലയില്‍ താരങ്ങളുടെ ഉറക്കവും ജീവിതശൈലിയും പ്രധാനമാണ്. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുമ്പോള്‍ അദേഹത്തിന്‍റെ 'സ്ലീപ് ഗുരു'വിന്‍റെ മുന്‍വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഉറക്കത്തെ കുറിച്ച് മാത്രമല്ല, കായികതാരങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചും മുന്‍ ഗോള്‍ഫര്‍ കൂടിയ നിക് ലിറ്റിൽഹേൽസ് ഏറെക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 

മത്സരങ്ങള്‍ക്ക് മുമ്പ് കായികതാരങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന വിശ്വാസം കായികരംഗത്ത് പതിറ്റാണ്ടുകളായുണ്ട്. താരങ്ങളെ ലൈംഗിക പ്രവര്‍ത്തികളില്‍ നിന്ന് വിലക്കുന്ന പരിശീലകരുമേറെ. ഇതില്‍ കാര്യമുണ്ടെന്നും ഇല്ലെന്നും നിരവധി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ വരെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മത്സരത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ഒറ്റയ്‌ക്ക് ഉറങ്ങേണ്ടത് താരങ്ങള്‍ക്ക് അനിവാര്യമാണ് എന്നുമാണ് പ്രമുഖ 'സ്ലീപ് ഗുരു'വായ നിക് ലിറ്റിൽഹേൽസിന്‍റെ നിരീക്ഷണം. കായിക മത്സരങ്ങള്‍ക്ക് മുമ്പ് താരങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടരുത് എന്ന് പറയുന്നത് ആന മണ്ടത്തരമാണ് എന്ന് നിക് ലിറ്റിൽഹേൽസ് പലകുറി പരിഹസിച്ചിട്ടുണ്ട്. 

നിക്- റോണോയെ ഉറങ്ങാന്‍ പഠിപ്പിച്ചയാള്‍

സര്‍ അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരിക്കേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എങ്ങനെ ഉറങ്ങണമെന്ന് പഠിപ്പിച്ചയാളായാണ് നിക് ലിറ്റിൽഹേൽസ് അറിയപ്പെടുന്നത്. ക്രിസ്റ്റ്യാനോ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കേ നിക്കിന്‍റെ സേവനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 

ഗോള്‍ഫ് മുന്‍താരവും വ്യവസായിയുമായ നിക് ലിറ്റിൽഹേൽസ് ഇപ്പോള്‍ കായികരംഗത്ത് അറിയപ്പെടുന്ന സ്ലീപ്പ് ഗുരുവാണ്. 1990ന് ശേഷമാണ് സ്ലീപ് ഗുരു എന്ന വേറിട്ട ജോലി നിക് കണ്ടെത്തുന്നത്. പ്രശസ്‌ത ഫുട്ബോള്‍, സൈക്ലിംഗ് ടീമുകളില്‍ തുടങ്ങി ഇതിഹാസ താരം സിആര്‍7 വരെ നീളുന്നു നിക്കിന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ഗാരി പല്ലിസ്റ്ററുടെ നടുവേദന ഉറക്കം ക്രമീകരിച്ച് ഭേദപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആഴ്‌സണല്‍ മാനേജര്‍ ആഴ്‌സണ്‍ വെംഗര്‍ നിക്കിന്‍റെ സേവനം തേടിയിരുന്നു. ടൂര്‍ ഡെ ഫ്രാന്‍സ് സൈക്ലിംഗ് ടീമുകള്‍ക്കും ഉപദേശം നല്‍കി. 2004 യൂറോ കപ്പില്‍ ഇംഗ്ലീഷ് ടീമിനൊപ്പം യാത്ര ചെയ്‌തതാണ് നിക്കിന്‍റെ കരിയറിലെ മറ്റൊരു പ്രധാന ദൗത്യം. ഫുട്ബോളിലെ സൂപ്പര്‍ ക്ലബുകളായ ചെല്‍സി, റയല്‍ മാഡ്രിഡ് എന്നിവയ്‌ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഉറങ്ങാന്‍ നിക്കിന്‍റെ പൊടിക്കൈകള്‍

ഉറക്കം ക്രമീകരിക്കാന്‍ പ്രൊഫഷണലുകളുടെ സേവനം കായികതാരങ്ങളും ടീമുകളും തേടുന്നത് ഇപ്പോള്‍ സ്വാഭാവികമായിക്കഴിഞ്ഞു. താരങ്ങള്‍ക്ക് ഉചിതമായ നിലയില്‍ ഹോട്ടല്‍ മുറികള്‍, ബെഡ്, വെളിച്ചം, താപനില തുടങ്ങി നന്നായി ഉറങ്ങാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ നിക് ലിറ്റിൽഹേൽസ് നിര്‍ദേശിക്കുന്നു. എന്നാല്‍ മുമ്പ് കായിക താരങ്ങള്‍ ഉറക്കത്തെ കുറിച്ച് അത്ര ജാഗ്രത പുലര്‍ത്തിയിരുന്നില്ല എന്നാണ് നിക് പറയുന്നത്. 

മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത്...

മുമ്പ് ദ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ നിക് ലിറ്റിൽഹേൽസ് കായികതാരങ്ങളുടെ ഉറക്കത്തെ കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നു. 'നിങ്ങള്‍ ഏത് ക്രോണോടൈപ്പില്‍പ്പെടുന്നയാളാണ് എന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രശ്‌നമാകും. അത്‌ലറ്റുകള്‍ക്ക് പലപ്പോഴും രാത്രികാലങ്ങളില്‍ മത്സരങ്ങളുള്ളതിനാല്‍ ഇത് പ്രധാനമാണ്. രാത്രിയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ജന്‍മനാ കഴിയുന്നവരാണ് ചിലര്‍. മറ്റ് ചിലരാവട്ടെ ആ സാഹചര്യവുമായി പൊരുത്തപ്പെടണ്ടതുണ്ട്. 

താമസസൗകര്യങ്ങള്‍ നന്നായി ഒരുക്കിയില്ലെങ്കില്‍ ഞാന്‍ എന്‍റെ സാധനങ്ങള്‍ ഉപയോഗിക്കും, അല്ലെങ്കില്‍ മറ്റൊരു ഹോട്ടലിനായി ശ്രമിക്കും. കൃത്രിമ വെളിച്ചത്തിലൂടെയുള്ള നിങ്ങളുടെ ജീവിതം അതിര്‍വരമ്പുകള്‍ കടന്നിരിക്കുന്നു. തീവ്രമാണ് ആ വെളിച്ചം. ഇതെല്ലാം ഉറക്കത്തെക്കുറിച്ചല്ല, ഉണർവിനെക്കുറിച്ചാണ്. ഒരു നിയന്ത്രണവുമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറാൻ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവയെ നമ്മള്‍ അനുവദിക്കുകയാണ്' എന്നും നിക് ലിറ്റിൽഹേൽസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നത് അത്‍ലറ്റുകള്‍ക്ക് ഗുണമോ ദോഷമോ? മറുപടിയുമായി ഡോക്ടർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!