കളി പഠിപ്പിക്കാന്‍ മധ്യനിരയിലെ ആശാന്‍; പിര്‍ലോ യുവന്‍റസിലേക്ക്

By Web TeamFirst Published Jul 30, 2020, 9:37 AM IST
Highlights

യുവന്റസ് ജൂനിയർ ടീമിന്റെ(അണ്ടര്‍ 23) പരിശീലകനായാണ് 41കാരനായ പിർലോയുടെ രണ്ടാം വരവ്

ടൂറിന്‍: ഇറ്റാലിയൻ ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ആന്ദ്രേ പിർലോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. യുവന്റസ് ജൂനിയർ ടീമിന്റെ(അണ്ടര്‍ 23) പരിശീലകനായാണ് 41കാരനായ പിർലോയുടെ രണ്ടാം വരവ്. യുവന്റസിന്റെ നാല് സെരി എ കിരീട വിജയത്തിൽ പങ്കാളിയായിട്ടുള്ള പിർലോ 2017ലാണ് ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

മധ്യനിരയിലെ മാന്ത്രികനായാണ് പിര്‍ലോ അറിയപ്പെടുന്നത്. പന്തിന്‍മേലുള്ള അസാധ്യമായ നിയന്ത്രണവും പാസിലെ കൃത്യതയും ക്രിയാത്മകതയും പിര്‍ലോയെ മധ്യനിരയില്‍ പകരംവെക്കാനില്ലാത്ത താരമാക്കി. ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലും പേരെടുത്ത താരം രണ്ട് പതിറ്റാണ്ട് പ്രൊഫഷണല്‍ ഫുട്ബോളില്‍ സജീവമായിരുന്നു. ഇറ്റലിക്കായി 13 വര്‍ഷവും ബൂട്ടണിഞ്ഞു.  

ന്യൂയോര്‍ക്ക് സിറ്റി എഫ്‌ സിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് പിര്‍ലോ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊഫഷണല്‍ ഫുട്‌ബോളിനോട്  വിട പറഞ്ഞത്. 2006ല്‍ ഇറ്റലിയെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോ, ബ്രസിയ, ഇന്‍റര്‍ മിലാന്‍, എസി മിലാന്‍, യുവന്റസ്, ന്യൂയോര്‍ക്ക് സിറ്റി ക്ലബുകളുടെ താരമായിരുന്നു. ഇറ്റലിക്ക് വേണ്ടി 116 മത്സരങ്ങളില്‍ കളിച്ചപ്പോള്‍ 13 തവണ വല ചലിപ്പിച്ചു. 2015ലാണ് പ്ലേമേക്കറായ പിര്‍ലോ യുവന്റസില്‍ നിന്ന് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെത്തിയത്. 

സിറ്റി-റയല്‍ സൂപ്പര്‍ പോര്; ആരാധകര്‍ കാത്തിരുന്ന വിവരങ്ങള്‍ പുറത്ത്; റയലിന് ആശ്വാസം

ഖത്തറില്‍ മെസിയുണ്ടാകും; ആരാധകര്‍ക്ക് സാവിയുടെ ഉറപ്പ്

click me!