
ദോഹ: ഖത്തർ ലോകകപ്പിൽ കളിക്കാൻ ലിയോണല്‍ മെസി ഉണ്ടാവുമെന്ന് ബാഴ്‌സലോണയുടെ മുൻ താരം സാവി ഹെർണാണ്ടസ്. രാജ്യാന്തര ഫുട്ബോളിൽ തുടരാനുള്ള ശാരീരിക ക്ഷമത മെസിക്കുണ്ട്. അർജന്റീനയെ ലോക ചാമ്പ്യൻമാരാക്കുകയാണ് മെസിയുടെ ഏറ്റവും വലിയ സ്വപ്നമെന്നും ബാഴ്‌സയുടെ ഇതിഹാസ താരമായ സാവി പറഞ്ഞു.
ഖത്തറില്‍ 2022 ലോകകപ്പ് നടക്കുമ്പോള്‍ മെസിക്ക് 35 വയസായിരിക്കും പ്രായം എന്നിരിക്കേയാണ് സാവിയുടെ പ്രവചനം. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഫുട്ബോള്‍ മാമാങ്കം.
ബാഴ്‌സയില്‍ മെസിക്കൊപ്പം 2004 മുതല്‍ 2015 വരെ ഒന്നിച്ചുകളിച്ച താരമാണ് സാവി. നിലവില്‍ ഖത്തര്‍ ക്ലബ് അല്‍ സദിനെ പരിശീലിപ്പിക്കുകയാണ് സാവി. തന്‍റെ പഴയ ക്ലബായ ബാഴ്‌സയില്‍ പരിശീലകനായി തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ സ്വപ്‌നമെന്നും, എന്നാല്‍ നിലവില്‍ ഖത്തര്‍ ക്ലബിലാണ് പദ്ധതികളെന്നും സാവി വ്യക്തമാക്കി. അടുത്ത സീസണോടെ ബാഴ്‌സയുടെ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സാവി ഈ മാസം അഞ്ചിന് ഖത്തര്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയിരുന്നു.
അതേസമയം സാവിക്ക് കഴിഞ്ഞ ആഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താന്‍ രോഗമുക്തനായെന്നും ആരോഗ്യവിദഗ്‌ധര്‍ അനുവദിക്കുന്നതിന് അനുസരിച്ച് പരിശീലനം പുനരാരംഭിക്കുമെന്നും സാവി വ്യക്തമാക്കി. 1998 മുതൽ 2015 വരെ ബാഴ്സക്കായി പന്തുതട്ടിയ ശേഷമാണ് സാവി ഖത്തറിലേക്ക് കൂടുമാറിയത്. 2015 മുതൽ 2019 വരെ അൽ-സദിനായി 82 മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞ ശേഷമാണ് സാവി പരിശീലക കുപ്പായമണിഞ്ഞത്. അഞ്ച് റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന ലീഗില്‍ നിലവില്‍ അല്‍-സാദ് മൂന്നാം സ്ഥാനത്താണ്.
കരാര്‍ നീട്ടി; അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!