മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനെത്തുന്ന റയൽ മാഡ്രിഡ് താരങ്ങൾക്ക് ക്വാറന്റീൻ ഒഴിവാക്കി. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന ഇംഗ്ലണ്ടിലെ നിയമം റയൽ താരങ്ങൾക്ക് ബാധകമാവില്ല. ഓഗസ്റ്റ് എട്ടിനാണ് രണ്ടാംപാദ പ്രീക്വാർട്ടര്‍ മത്സരം. ഇംഗ്ലണ്ടിലെത്തിയ വിൻഡീസ്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ 14 ദിവസത്തെ ക്വാറന്റീന് വിധേയരായിരുന്നു.

റയലിനെതിരെ ആദ്യപാദം സിറ്റി ജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കായി ജീസസും ഡി ബ്രുയിനും ഗോള്‍ നേടിയപ്പോള്‍ ഇസ്‌കോ റയലിന്‍റെ ഏക ഗോള്‍ മടക്കി. 

ഫോര്‍വേര്‍ഡ് മരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും റയല്‍ മാഡ്രിഡിന്‍റെ പരിശീലനം തകൃതിയായി നടക്കുകയാണ്. മരിയാനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ എല്ലാം താരം പാലിക്കുന്നുണ്ടെന്നും ക്ലബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മരിയാനോ ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ്ബ് അറിയിച്ചു. മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.

ഞെട്ടിച്ച് സിറ്റിയും ലിയോണും; ചാമ്പ്യന്‍സ് ലീഗില്‍ റയലും യുവന്‍റസും തരിപ്പണം