
കൊച്ചി: നഷ്ടങ്ങളുടെയും തിരിച്ചടികളുടെയും സീസണുകള്‍ക്ക് ശേഷം വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് കരുത്ത് കൂട്ടുന്നു. മാരിയോ ആര്‍ക്യൂസിന് പിന്നാലെ കഴിഞ്ഞ തവണ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടി തന്നെ പന്തുതട്ടിയ സെർജിയോ സിഡോന്‍ചയുമായാണ് മഞ്ഞപ്പട കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഇരുപത്തിയെട്ടുകാരനായ അറ്റാക്കിങ് മിഡ്ഫീൽഡറാണ് സെർജിയോ സിഡോന്‍ച. മാഡ്രിഡിലെ എൽ എസ്കോറിയയിൽ ജനിച്ച സിഡോന്‍ച അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ യുവ ടീമിലൂടെ കളിച്ചു വളർന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. 2018-19 സീസണില്‍ ജംഷഡ്‌പുർ എഫ്‍സിക്ക് വേണ്ടി കളിച്ചാണ് ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ചത്.
റയൽ സാരഗോസാ, അൽബാസെറ്റെ, പൊൻഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ തന്‍റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്‍ച പറഞ്ഞു. സെർജിയോ സിഡോന്‍ച പല പൊസിഷനുകളിലും കളിക്കാൻ മികവുള്ള താരമാണ്.
ഗോൾ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓൾറൗണ്ട് ഫുട്ബോളർ ആയ അദ്ദേഹവുമൊത്തുള്ള പുതിയ ഐഎസ്‌എൽ സീസൺ ആസ്വാദ്യകരമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ ഷട്ടോറി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷാട്ടോരിയെ കൂടാരത്തില്‍ എത്തിച്ചതിന് പിന്നാലെയാണ് മികച്ച താരങ്ങളെയും ബ്ലാസ്റ്റേഴ്സ് റാഞ്ചുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!