നന്ദി അജന്റീന..! ഈ തിരിച്ചുവരവിന്; ഒരിക്കല്‍കൂടി ത്രസിപ്പിച്ചതിന്

By Web TeamFirst Published Dec 1, 2022, 2:37 PM IST
Highlights

ലിയോണല്‍ മെസിയുടെ പെനാല്‍റ്റി അടക്കം തടഞ്ഞ ഷെസ്‌നിയാണ് പോളണ്ടിന്റെ കളിക്കാരില്‍ ഏറ്റവും നന്നായി കളിച്ചത്. സൗദിയോട് തോറ്റ, മെക്‌സിക്കോയെ തോല്‍പിച്ച അര്‍ജന്റീനയെ അല്ല മൈതാനത്ത് കണ്ടത്.

നന്ദി അജന്റീന..! ലോകമെമ്പാടുമുള്ള ആരാധകരെ സന്തോഷിപ്പിച്ചതിന്, സമാധാനിപ്പിച്ചതിന്. എന്തുകൊണ്ടാണ് ഇത്രയും ആരാധകരുള്ളതെന്ന് ഉഷാരായി കളിച്ച് തെളിയിച്ചതിന്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യവും കൂട്ടായ്മയും മത്സരവീര്യവും എല്ലാം മൈതാനത്ത് വിരിയിച്ച കളിയിലാണ് അര്‍ജന്റീന പോളണ്ടിനെ തോല്‍പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിന്.  ആക്രമിച്ച് കളിച്ച അര്‍ജന്റീനക്ക് മുന്നില്‍ ഷെസ്‌നി വിലങ്ങുതടിയായത് കൊണ്ട് ഗോളുകളുടെ എണ്ണം കൂടാഞ്ഞത്. 

ലിയോണല്‍ മെസിയുടെ പെനാല്‍റ്റി അടക്കം തടഞ്ഞ ഷെസ്‌നിയാണ് പോളണ്ടിന്റെ കളിക്കാരില്‍ ഏറ്റവും നന്നായി കളിച്ചത്. സൗദിയോട് തോറ്റ, മെക്‌സിക്കോയെ തോല്‍പിച്ച അര്‍ജന്റീനയെ അല്ല മൈതാനത്ത് കണ്ടത്. എഴുപത്തി മൂന്ന് ശതമാനം പന്തടക്കം, ഗോള്‍മുഖത്തേക്ക് 12 ഷോട്ട്, 9 കോര്‍ണര്‍, കണക്കുകളില്‍ മാത്രമായിരുന്നില്ല ആ മെച്ചപ്പെടല്‍. പെനാല്‍റ്റി പാഴായതിന്റെ നിരാശയില്‍ ആവേശം കുറഞ്ഞില്ല. എല്ലാവരും തമ്മിലുള്ള ഒത്തിണക്കം കൂടി. 

മെസി താരത്തില്‍ നിന്ന് നായകനായി. ഗോളടിക്കുക എന്നതിനേക്കാളും ഗോളടിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിലൂന്നി കളിച്ച പോളണ്ടിന് പ്രതിരോധവും ഷെസ്‌നിയും കൂടി മുന്നേറ്റങ്ങളെ തടഞ്ഞു. അര്‍ജന്റീനയുടെ ഗോളി മാര്‍ട്ടിനെസിന് വലിയ അധ്വാനമൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ വഴിത്തിരിവില്‍ നാല്‍പത്തിയാറാം മിനിറ്റില്‍ കോര്‍ണര്‍ ഫ്‌ലാഗിന് സമീപത്ത് നിന്ന് മൊളീനയുടെ ഉഗ്രന്‍ ക്രോസ്. കൈപറ്റിയ അലെക്‌സിസ് മക്അലിസ്റ്റര്‍ കുറവില്ലാതെ പോസ്റ്റിലേക്ക്.

അര്‍ജന്റീനയുടെ കോര്‍ത്തിണക്കമുള്ള പഴയ ഗോള്‍ക്കാഴ്ചകളുമായി സാമ്യമുള്ള വഴിയിലൂടെ രണ്ടാമത്തെ ഗോള്‍. ആദ്യം മക് അലിസ്റ്റര്‍, പിന്നെ ഡിപോള്‍, വീണ്ടും അലിസ്റ്റര്‍. പിന്നെ ലിയാന്‍ഡ്രോ പരഡേസ്, എന്‍സോ... ബോക്‌സിനകത്തേക്ക് നല്ല പാസ് കിട്ടുന്നത് അല്‍വാരെസിന്. രണ്ടാംഗോള്‍. പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉഷാറായി. എന്‍സോ, അല്‍വാരെസ്, ഡിപോള്‍, അലിസ്റ്റര്‍ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് സമാധാനിക്കാം. പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ ആ ടീമിലുണ്ട്. എല്ലാവരും എല്ലാവര്‍ക്കും വേണ്ടി കളിക്കുന്നു.

തോല്‍വി അറിയാത്ത മത്സരങ്ങളുടെ കണക്കിന്റെ ആത്മവിശ്വാസത്തില്‍  എത്തി, സൗദിക്ക് മുന്നില്‍ തട്ടിവീണ് ടെന്‍ഷന്‍ അടിപ്പിച്ച്, അര്‍ജന്റീന സംഗതി ഉഷാറാക്കി. ഗംഭീരമാക്കി. ആരാധകരെല്ലാം വീണ്ടും നെഞ്ചു വിരിച്ച് ഉറക്കെ പറയുന്നു.

രണ്ട് കൈകളും നഷ്ടമായ വിക്ടര്‍ ഡെല്‍ അക്വിലയുടെ ആലിംഗനം ഓര്‍മയില്ലേ? കാണികള്‍ തിളങ്ങിയ ലോകകപ്പുകളുണ്ട്

click me!