Asianet News MalayalamAsianet News Malayalam

രണ്ട് കൈകളും നഷ്ടമായ വിക്ടര്‍ ഡെല്‍ അക്വിലയുടെ ആലിംഗനം ഓര്‍മയില്ലേ? കാണികള്‍ തിളങ്ങിയ ലോകകപ്പുകളുണ്ട്

1978ലെ ഫൈനല്‍. നെതര്‍ലന്‍ഡ്‌സിനെ 3-1ന് തോല്‍പിച്ച് അര്‍ജന്റീന ചാമ്പ്യന്‍മാരായി. വിജയം നല്‍കിയ ആഹ്ലാദത്തിലും സമാധാനത്തിലും ആല്‍ബെര്‍ട്ടോ തരാന്റിനിയും ഉബാള്‍ഡോ ഫില്ലോലും പരസ്പരം ആശ്ലേഷിച്ച് മൈതാനത്ത് മുട്ടുകുത്തി നില്‍ക്കുകയാണ്.

the story behind one of soccer's greatest embraces in fifa world cup
Author
First Published Dec 1, 2022, 2:08 PM IST

ലോകകപ്പ് വേദികളെ ആഘോഷപൂര്‍ണമാക്കുന്നത് കാണികളുടെ, ഫുട്‌ബോള്‍ ആരാധകരുടെ ആവേശമാണ്. മൈതാനത്തെ ഗോള്‍ കാഴ്ചകളെ പോലെ തന്നെ ആവേശകരമാണ് കാണിക്കൂട്ടത്തിന്റെ സന്തോഷ പ്രകടനം. കാണികളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് ഉയരുന്ന നെടുവീര്‍പ്പുകള്‍ക്കും പൊഴിയുന്ന കണ്ണുനീരിനും മൈതാനത്ത് നഷ്ടമായി പോകുന്ന അവസരങ്ങളുടെയും തോല്‍വികളുടെയും നിരാശയുടെ ഭാരം അത്രതന്നെ ഉണ്ടാകും. എല്ലാ ലോകകപ്പ് വേദികളില്‍നിന്നും കാണികളുടെ, ആരാധകരുടെ നല്ല ദൃശ്യങ്ങളുണ്ടാകും. ഖത്തറില്‍ ഗോളടിച്ച ശേഷം വീട്ടുജോലി ചെയ്ത് പോറ്റിവളര്‍ത്തി പറത്തിവിട്ട അമ്മയ്ക്കായി ജേഴ്‌സി സമ്മാനമായി നല്‍കിയ അഷ്രഫ് ഹക്കിമി. സന്തോഷവും സങ്കടവും ആവേശവും നിരാശയും എല്ലാം പ്രതിഫലിക്കുന്ന ദൃശ്യങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണത്തെ കുറിച്ചുള്ള വര്‍ത്തമാനമാണ് ഇക്കുറി. 

ആദ്യം ഇമ്മിണി പഴയ ഒരു കഥയില്‍ നിന്ന് തുടങ്ങാം. 1950ലെ ലോകകപ്പ്. റിയോ ഡി ജനിറോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. പരമാവധി പേര്‍ക്ക് ഇരിക്കാന്‍ കഴിയുക 96,000പേര്‍ക്ക്. സ്വന്തം ടീം, ഉറുഗ്വെയെ നേരിടുമ്പോള്‍ ആവേശം പകരാന്‍ അന്ന് അങ്ങോട്ട് എത്തിയത് രണ്ട് ലക്ഷം പേര്‍. ആര്‍ത്തിരമ്പിയിരുന്ന കാണികള്‍  വീടുകളിലേക്ക് മടങ്ങിയത് നിരാശയുടെ നെടുവീര്‍പ്പുകളുടെ ചിറകുകളില്‍. ആദ്യം മിന്നിട്ടുനിന്നെങ്കിലും 2-1ന് ഉറുഗ്വെ ജയിച്ചു. മാരക്കാന ഇതിഹാസം എന്നും ഫുട്‌ബോള്‍ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന അധ്യായം. അന്ന് അവിടെക്ക് ഇരച്ചെത്തിയ കാണിക്കൂട്ടം ഭേദിക്കാനാകാത്ത ഫുട്‌ബോള്‍ ലഹരിയുടെ സാക്ഷ്യപത്രവും. 

ഇനി പറയുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായി വാഴ്ത്തപ്പെടുന്ന മുഹൂര്‍ത്തത്തെ പറ്റി. 1978ലെ ഫൈനല്‍. നെതര്‍ലന്‍ഡ്‌സിനെ 3-1ന് തോല്‍പിച്ച് അര്‍ജന്റീന ചാമ്പ്യന്‍മാരായി. വിജയം നല്‍കിയ ആഹ്ലാദത്തിലും സമാധാനത്തിലും ആല്‍ബെര്‍ട്ടോ തരാന്റിനിയും ഉബാള്‍ഡോ ഫില്ലോലും പരസ്പരം ആശ്ലേഷിച്ച് മൈതാനത്ത് മുട്ടുകുത്തി നില്‍ക്കുകയാണ്. ഫില്ലോലിന് തോന്നി, തരാന്റിനോയുടെ തൊട്ടുപിന്നില്‍ ആരോ ഉണ്ടെന്ന്. ഉണ്ടായിരുന്നു. ടീമിന്റെ വിജയത്തില്‍ സന്തോഷം സഹിക്കാതെ വേലി മറികടന്ന്, പൊലീസിനെ വെട്ടിച്ച് തന്റെ പ്രിയതാരങ്ങളെ അഭിനന്ദിക്കാനെത്തിയ ഒരു കാണി. പേര് വിക്ടര്‍ ഡെല്‍ അക്വില. തന്റെ ആരാധാനാപാത്രങ്ങളെ ചേര്‍ത്തുപിടിക്കാന്‍ അയാള്‍ക്ക് രണ്ടു കൈയും ഇല്ലായിരുന്നു. പക്ഷേ തരാന്റീനോയേയും ഫില്ലോലിനേയും ചേര്‍ന്നു നിന്നു അക്വില. ഫുട്‌ബോള്‍ എന്ന കളിയുടെ സൗന്ദര്യവും ആവേശവും അവര്‍ മൂന്നുപേരെയും ചേര്‍ത്തുനിര്‍ത്തി. അത് കാല്‍പന്തുകളിയുടെ ആത്മാവേറ്റിയ ചിത്രമായി ലോകചരിത്രത്തിലിടം പിടിച്ചു. Embrace of Soul എന്ന അടിക്കുറിപ്പ് ആ ഫോട്ടോക്ക് ഏറ്റവും ചേര്‍ന്നതായി. 

പന്ത്രണ്ടാം വയസ്സില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് അക്വിലക്ക് തന്റെ രണ്ടു കൈയും മുറിച്ചുമാറ്റേണ്ടി വന്നത്. ജീവിതത്തില്‍ നിരാശയുടെയും വേദനയുടെയും കറുപ്പ് പടര്‍ന്ന ആ നാളുകളില്‍ നിന്ന് അക്വിലക്ക് തിരിച്ചുവരവിന്റെ വെളിച്ചം പകര്‍ന്നത് ഫുട്‌ബോളായിരുന്നു. ബൊക്കാ ജൂനിയേഴ്‌സിന്റെ കടുത്ത ആരാധകനായിരുന്ന അക്വിലക്ക് തന്റെ പ്രിയ ക്ലബിലെ ഏറ്റവും പ്രിയ താരമായ താരന്റീനോയെ നേരില്‍ അഭിനന്ദിക്കണമായിരുന്നു. ആവേദിയില്‍ ആ സാഹസം കാട്ടണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. പക്ഷേ ശ്രമിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഞാന്‍ ചാടി ഓടി അവരുടെ അടുത്തെത്തി. അക്വില പിന്നീട് പരഞ്ഞു. 

35 വര്‍ഷത്തിനിപ്പുറം അവര്‍ മൂന്നുപേരും പിന്നെയും കണ്ടു. 2014ല്‍ ലോകകപ്പിനായി കൊക്കോ കോളയുടെ ഒരു പരസ്യചിത്രത്തിനായി. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ തട്ടുന്ന അക്വിലക്ക് സമീപം ഒരു കൊക്കോകോള വാന്‍ വന്നുനില്‍ക്കുന്നു. ലോകകപ്പ് ട്രോഫിയുമായി ഇറങ്ങുന്ന   തരാന്റിനിയും ഫില്ലോലും അക്വിലയെ ചേര്‍ത്ത് പിടിക്കുന്നു. 78ലെ ആത്മാക്കളുടെ ആശ്ലേഷത്തിന്  ഒരു പുനര്‍വായന. 78ലായാലും പിന്നീട് ദശാബ്ദങ്ങള്‍ക്കിപ്പുറം 2014ലായാലും ആ അക്വിലയും തരാന്റിനിയും ഫില്ലോലും ചേര്‍ന്നു നില്‍ക്കുമ്പോള്‍, ഏത് കാലത്തും ആ ചിത്രം കാണുമ്പോള്‍ നമുക്ക് മനസ്സില്‍ സ്‌നേഹത്തിന്റെ മാന്ത്രികസ്പര്‍ശമുള്ള മഞ്ഞ് പൊഴിയും. കാല്‍പന്തുകളിയുടെ സൗന്ദര്യവും ആവേശവും നമ്മളില്‍ ഒരു മന്ദഹാസമെത്തിക്കും. മത്സരച്ചൂടിനിടെ ചരിത്രത്തില്‍ നിന്നുള്ള വര്‍ത്തമാനങ്ങളുമായി ഇനിയും കാണാം.

Follow Us:
Download App:
  • android
  • ios