
കാൻസാസ് സിറ്റി: ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻ ൻഡോയെ സമനില ഗോൾ നേടി.
എന്നാൽ മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീത് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ പുറത്തുപോവേണ്ടിവന്നു. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ വിജയഗോളിന് വേണ്ടി അർജന്റീനയ്ക്ക് 112 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
സ്വിസ് പ്രതിരോധ മതിൽ ഭേദിച്ചുകൊണ്ട് മെസി തൊടുത്ത കിക്ക് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും കൃത്യമായൊരു ലോങ്ങ് ഷോട്ടിലൂടെ ഹൂലിയൻ അൽവാരസ് പന്ത് വലയിലെത്തിച്ചു. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കൗണ്ടർ അറ്റാക്കിലൂടെ നടത്തിയ മുന്നേറ്റം സ്വിസ്സ് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും ലൗത്താരോ മാർട്ടിനസ് ഒരൊറ്റ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു. തുടരെത്തുടരെ മൂന്നാം മത്സരത്തിലാണ് അർജന്റീന അവസാന നിമിഷം ഗോൾ നേടി വിജയിക്കുന്നത്. തുടർച്ചയായി രണ്ടാം സെമിയിലേക്കാണ് ഇതോടെ അർജന്റീന എത്തിയിരിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് ആണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ ശക്തരായ സ്പെയിനും ഫ്രാൻസും തമ്മിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!