അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസ്; രൂക്ഷ പ്രതികരണവുമായി ആരാധകര്‍, പോസ്റ്റ് പിന്‍വലിച്ചു

Published : Jul 11, 2026, 11:36 PM IST
Kerala Police Argentina

Synopsis

ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് റഫറിയുടെ സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങളെ താരതമ്യം ചെയ്ത് കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ലിയോണല്‍ മെസിയുടെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്റിനെതിരെ അര്‍ജന്റീന ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വിവാദമായി.

തിരുവരനന്തപുരം: ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വേണ്ടി ഫിഫ രഹസ്യ സഹായം ചെയ്യുന്നുവെന്നുള്ള ആരോപണം വിവിധ ഭാഗങ്ങളില്‍ നിന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു തെളിവും നിരത്താന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടുമില്ല. റഫറി അവര്‍ക്കൊപ്പമാണെന്നും റഫറിയെ സ്വാധീനിച്ചാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ വരെ എത്തിയതെന്നാണ് പ്രധാന ആരോപണം. ഇത്തരം വിവാദങ്ങള്‍ ഒരു ഭാഗത്തുണ്ടെങ്കിലും ഇതൊന്നും ലിയോണല്‍ മെസിയേയോ അര്‍ജന്റൈന്‍ ടീമിനേയോ ബാധിച്ചിട്ടില്ല. മികച്ച പ്രകടനവുമായി ടീം മുന്നോട്ട് പോകുന്നു.

ഇതിനിടെ അര്‍ജന്റീനക്കെതിരായ ആരോപണങ്ങളോട് താരതമ്യപെടുത്തി കേരള പൊലീസ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റും വിവാദമായിരിക്കുകയാണ്. ഫേസ്ബുക്കിലെ ഒരു പോസ്‌റ്റോടെയാണ് കേരള പൊലീസ് പുലിവാല് പിടിച്ചത്. 'നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112' എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷന്‍. കൂടെ റഫറിക്കൊപ്പം അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി നില്‍ക്കുന്ന ഫോട്ടോയും കൊടുത്തിരിക്കുന്നു. മാത്രമല്ല, കേരളത്തെ ചേര്‍ത്ത് പിടിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു. എന്തായാലും സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കേണ്ടിയും വന്നു.

പോസ്റ്റിനെതിരെ അര്‍ജന്റീന ആരാധകര്‍ രംഗത്ത് വന്നു. അര്‍ജന്റീന ഫാന്‍സ് കേരള ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഇങ്ങനെ പറയുന്നു...

കുറച്ചു മുന്‍പ് ബഹുമാന്യരായ കേരള നിയമസംവിധാന വ്യവസ്ഥ കൈകാര്യം ചെയ്യുന്ന അതോറിറ്റിട്ടിയുടെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പെയ്ജില്‍ നിന്നും വന്ന പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു.

കൈക്കൂലിക്കാരും വിവരദോഷികളും ആയല്ല,.. മറിച്ച് ഞങ്ങടെ നാടിനെ മോശം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ നിന്നും, കൊള്ളരുതായ്മകളില്‍ നിന്നും, വൃത്തികെട്ടവരില്‍ നിന്നും, സാമൂഹിക വിരുദ്ധരില്‍നിന്നും പത്തിവിടര്‍ത്തി കാക്കാനും രക്ഷിക്കാനും കെല്‍പ്പുള്ളവരായിട്ടാണ് ''അവരെ'' നമ്മള്‍ കാണുന്നത്, ഇനിയങ്ങോട്ടും.

റെയ്ജ്‌ബൈറ്റിനുപരി, അവരിലെ ബോധമുള്ള കളിപ്പ്രേമികളില്‍ നിന്നും കുറച്ചുകൂടെ പക്വത പ്രതീക്ഷിച്ചിരുന്നു.

നന്ദി

അര്‍ജന്റീന ഫാന്‍സ് കേരള

കേരള പൊലീസിന്റെ പേജില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ആരാധകര്‍ വിടുന്നില്ല. സോഷ്യല്‍ മീഡിയയുടെ വിവിധ പ്ലാറ്റ് ഫോമുകളില്‍ വിയോജിപ്പ് ശക്തമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്ക്കായി ഈ ലോകകപ്പിൽ തിളങ്ങിയ ജെയ്ഡൻ ആഡംസ് മരണപ്പെട്ടു
ഫൈനൽ തേർഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ, സ്‌പെയിൻ മധ്യനിരയുടെ എഞ്ചിൻ; ലോകകപ്പിൽ മികച്ച പ്രകടനവുമായി റോഡ്രി