വിനീഷ്യസിനെ അധിക്ഷേപിച്ച അര്‍ജന്റീന താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്ക്

Published : Apr 24, 2026, 08:55 PM IST
Gianluca Prestianni

Synopsis

റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ വംശീയമായി അധിക്ഷേപിച്ചതിന് ബെന്‍ഫിക്കയുടെ അര്‍ജന്റീന താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. 

സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചതിന് ബെന്‍ഫിക്കയുടെ അര്‍ജന്റീന താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് യുവേഫ ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. വിവേചനപരമായ പെരുമാറ്റത്തിനാണ് ശിക്ഷയെന്ന് യുവേഫ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആറ് മത്സരങ്ങളിലെ വിലക്കില്‍ മൂന്നെണ്ണം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രെസ്റ്റിയാനിക്ക് ഉടന്‍ തന്നെ ആറ് മത്സരങ്ങളും നഷ്ടമാകില്ല.

നിലവില്‍ ഒരു മത്സരത്തിലെ വിലക്ക് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി പ്രെസ്റ്റിയാനി പുറത്തിരിക്കേണ്ടി വരും. പ്രൊബേഷന്‍ കാലയളവില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി പ്രാബല്യത്തില്‍ വരും. ക്ലബ്ബ് മത്സരങ്ങള്‍ക്ക് പുറമെ അര്‍ജന്റീന ദേശീയ ടീമിനായി താരം തിരഞ്ഞെടുക്കപ്പെട്ടാല്‍ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ വിലക്ക് ബാധകമായേക്കാം. ജൂണ്‍ 17ന് അള്‍ജീരിയയ്ക്കും ജൂണ്‍ 22ന് ഓസ്ട്രിയയ്ക്കുമെതിരെ അര്‍ജന്റീനയ്ക്ക് മത്സരങ്ങളുണ്ട്.

വിവാദത്തിന് ആസ്പദമായ സംഭവം

കഴിഞ്ഞ ഫെബ്രുവരിയില്‍ ലിസ്ബണില്‍ നടന്ന ബെന്‍ഫിക്ക - റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് കോര്‍ണര്‍ ഫ്‌ലാഗിന് സമീപം നിന്ന് നടത്തിയ ആഘോഷം ബെന്‍ഫിക്ക താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു. ഇത് മൈതാനത്ത് വലിയ വാക്‌പോരിന് കാരണമായി. ഈ തര്‍ക്കത്തിനിടെ പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും 'കുരങ്ങ്' എന്ന് വിളിച്ചെന്നും വിനീഷ്യസ് ആരോപിച്ചു. തര്‍ക്കം രൂക്ഷമായതോടെ മത്സരം ഏകദേശം 10 മിനിറ്റോളം തടസ്സപ്പെട്ടിരുന്നു.

വിവേചനത്തിനെതിരെ കര്‍ശന നിലപാട്

ഫുട്‌ബോള്‍ മൈതാനങ്ങളിലെ വംശീയ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ യുവേഫ സ്വീകരിക്കുന്ന കര്‍ശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. സ്റ്റേഡിയങ്ങള്‍ ഭാഗികമായി അടച്ചിടുക, കനത്ത പിഴ ചുമത്തുക, താരങ്ങള്‍ക്ക് ദീര്‍ഘകാല വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ഇത്തരം പ്രവണതകളെ ഇല്ലാതാക്കാനാണ് ആഗോള ഫുട്‌ബോള്‍ ഭരണസമിതി ശ്രമിക്കുന്നത്. പ്രെസ്റ്റിയാനിക്കെതിരെയുള്ള നടപടി മറ്റ് താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് യുവേഫ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസിയുടെയും റൊണാൾഡോയുടെയും 'അവസാന ലോകകപ്പ്' ഇന്ത്യയിൽ കാണാനാകില്ല?, സംപ്രേഷണത്തിൽ വൻ പ്രതിസന്ധി
മഞ്ഞപട എത്തിയില്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ഒഴിഞ്ഞ ഗ്യാലറി; മത്സരം സമനിലയില്‍