അര്‍ട്ടേറ്റയ്ക്ക് കീഴില്‍ ആഴ്‌സനലിന് ആദ്യജയം; തകര്‍ത്തത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ

By Web TeamFirst Published Jan 2, 2020, 9:38 AM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ആഴ്‌സനലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്‌സനലിന്റെ വിജയം. എട്ടാം മിനുട്ടില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നിക്കോളാസ് പെപ്പെയാണ് ആദ്യ ഗോള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ആഴ്‌സനലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്‌സനലിന്റെ വിജയം. എട്ടാം മിനുട്ടില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നിക്കോളാസ് പെപ്പെയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മാഞ്ചസ്റ്റര്‍ ഗോളി ഡിഹിയയുടെ കൈപ്പിഴയില്‍ സോക്രട്ടീസ് ലീഡുയര്‍ത്തി. പുതിയ പരിശീലകന്‍ മൈക്കേല്‍ ആര്‍ട്ടേറ്റയ്ക്ക് കീഴില്‍ ആഴ്‌സനലിന്റെ ആദ്യ ജയമാണിത്. 

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. ഗബ്രിയേല്‍ ജിസസ് സിറ്റിക്ക് വേണ്ടി ഇരട്ടഗോള്‍ നേടി. റിച്ചാര്‍ളിസനാണ് എവര്‍ട്ടന്റെ ആശ്വാസഗോള്‍ നേടിയത്. ലീഗില്‍ 44 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്

പുതുവര്‍ഷത്തില്‍ ചെല്‍സിയുടെ തുടക്കം നിരാശയോടെ. ബ്രൈറ്റണ്‍ 1-1ന് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇറാനിയന്‍താരം അലിറെസയുടെ ഈ മിന്നുംഗോളാണ് ചെല്‍സിയെ കുടുക്കിയത്. കളിതീരാന്‍ ആറ് മിനിറ്റുള്ളപ്പോള്‍ ആയിരുന്നു ബ്രൈറ്റന്റെ സമനിലഗോള്‍. പത്താം മിനിറ്റില്‍ സെസാര്‍ ആസ്പലിക്യൂട്ടയുടെ ഗോളിനാണ് ചെല്‍സി മുന്നിലെത്തിയത്.

മറ്റു മത്സരങ്ങളില്‍ ടോട്ടനം പരാജയപ്പെട്ടപ്പോള്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. സതാംപ്ടണാണ് ടോട്ടനത്തെ പരാജയപ്പെടുത്തിയത്.

click me!