ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഇഞ്ചുറി ടൈമില്‍ സഹലിന്‍റെ വിജയഗോള്‍; അഫ്ഗാനെ വീഴ്ത്തി ഇന്ത്യ

Published : Jun 11, 2022, 11:03 PM IST
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഇഞ്ചുറി ടൈമില്‍ സഹലിന്‍റെ വിജയഗോള്‍; അഫ്ഗാനെ വീഴ്ത്തി ഇന്ത്യ

Synopsis

മത്സരം ഗോള്‍രഹിത സമനിലയിലേക്കെന്ന് തോന്നിച്ച സമയത്തായിരുന്നു ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ അഫ്ഗാന്‍ സമനില കണ്ടെത്തിയതോടെ നിരാശിലായ സാള്‍ട്ട്ലേക്കിലെ പതിനായിരങ്ങളെ ആവേശത്തിലാറാടച്ചായിരുന്നു ഇഞ്ചുറി ടൈമില്‍ സഹലിന്‍റെ ഗോള്‍ പിറന്നത്.

കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ(Asian Cup qualifiers) റൗണ്ടിൽ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്(Sahal Abdul Samad) ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയ ഇന്ത്യക്ക്(India vsAfghanistan) തുടര്‍ച്ചയായ രണ്ടാം ജയം. ഗോള്‍രഹിതമായ ആദ്യ പതുതിക്ക് ശേഷം 86-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ(Sunil Chehtri) മുന്നിലെത്തിയ ഇന്ത്യയെ രണ്ട് മിനിറ്റിനകം ആമിറിയുടെ ഹെഡ്ഡറില്‍ അഫ്ഗാന്‍ സമനിലയില്‍ തളച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരമായ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്ന് തുടക്കമിട്ട നീക്കത്തിനൊടുവില്‍ സഹലിന്‍റെ ഗ്രൗണ്ടര്‍ അഫ്ഗാന്‍ വല കുലുക്കിയപ്പോള്‍ ഇന്ത്യ ജയവുമായി കയറി.

മത്സരത്തില്‍ ഭൂരിഭാഗം സമയവും ആധിപത്യമുണ്ടായിട്ടും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും റാങ്കിംഗില്‍ ഏറെ പിന്നിലുള്ള എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ ആദ്യ പകുതിയില്‍ ഇന്ത്യക്കായിരുന്നില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്ഗാന്‍ 150-ാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഏഷ്യന്‍ കപ്പ് യോഗ്യതക്കുള്ള പ്രതീക്ഷ കാത്തു.

സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം മന്‍വീര്‍ സിംഗിനെയും മലയാളി താരം ആഷിഖ് കുരുണിയനെയാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഇന്ന് പരീക്ഷിച്ചത്.മധ്യനിരയിൽ ആകാശ് മിശ്ര, സുരേഷ് സിംഗ്, റോഷന്‍ സിംഗ് എന്നിവരും ഇറങ്ങി. ആദ്യ മിനിറ്റുകളില്‍ അഫ്ഗാനാണ് ഇന്ത്യന്‍ ഗോള്‍മുഖത്ത് സമ്മര്‍ദ്ദം ഉയര്‍ത്തിയത്. എന്നാല്‍ പതുക്കെ കളി പിടിച്ച ഇന്ത്യ തുടര്‍ച്ചയായി ആക്രമിച്ചതോടെ അഫ്ഗാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്കിടെയുള്ള പ്രത്യാക്രമണങ്ങളിലായിരുന്നു അഫ്ഗാന്‍റെ ശ്രദ്ധ.

50ാം മിനിറ്റിലായിരുന്നു ഇന്ത്യക്ക് മത്സരത്തിലെ സുവര്‍ണാവസരം ലഭിച്ചത്. ആകാശ് മിശ്രയുടെ പാസില്‍ മന്‍വീര്‍ നല്‍കിയ ക്രോസില്‍ ലക്ഷ്യത്തിലേക്ക് തലവെക്കേണ്ട ചുമതലയെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ഛേത്രിക്ക് ലക്ഷ്യം കാണാനായില്ല. 56ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളോക്കോയെ മാറ്റി ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ കോച്ച് കളത്തിലിറക്കി. 74ാം മിനിറ്റില്‍ അഫ്ഗാന്‍റെ മുസാവിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കഷ്ടപ്പെട്ട് കൈയിലൊതുക്കിയത് ഇന്ത്യക്ക് ആശ്വാസമായി.

ഛേത്രി ഗോള്‍, സഹലിന്‍റെ ഫിനിഷിംഗ്

മത്സരം ഗോള്‍രഹിത സമനിലയിലേക്കെന്ന് തോന്നിച്ച സമയത്തായിരുന്നു ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ അഫ്ഗാന്‍ സമനില കണ്ടെത്തിയതോടെ നിരാശിലായ സാള്‍ട്ട്ലേക്കിലെ പതിനായിരങ്ങളെ ആവേശത്തിലാറാടച്ചായിരുന്നു ഇഞ്ചുറി ടൈമില്‍ സഹലിന്‍റെ ഗോള്‍ പിറന്നത്.

പരസ്പരമുള്ള പോരാട്ടങ്ങളില്‍ അഫ്ഗാനെതിരെ ഇന്ത്യയുടെ ഏഴാം ജയമാണിത്. മൂന്നു തവണ അഫ്ഗാന്‍ ഇന്ത്യയെ കീഴടക്കിയപ്പോള്‍ കഴിഞ്ഞ വർഷം നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്