പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് ആദ്യ തോല്‍വി; അട്ടിമറിച്ചത് ലീഡ്‌സ്

By Web TeamFirst Published Oct 24, 2020, 10:06 AM IST
Highlights

ഇതുവരെ തോല്‍വി അറിയാതെയെത്തിയ ആസ്റ്റണ്‍ വില്ലയെ ലീഡ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. പാട്രിക് ബാംഫോര്‍ഡിന്റെ ഹാട്രിക് ഗോളുകളാണ് ലീഡ്‌സിന് വിജയം സമ്മാനിച്ചത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും കരുത്ത് തെളിയിച്ച് ലീഡ്‌സ് യുനൈറ്റഡ്. ഇത്തവണ ആസ്റ്റണ്‍ വില്ലയാണ് ലീഡ്‌സിന് മുന്നില്‍ തരിപ്പണമായത്. ഇതുവരെ തോല്‍വി അറിയാതെയെത്തിയ ആസ്റ്റണ്‍ വില്ലയെ ലീഡ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. പാട്രിക് ബാംഫോര്‍ഡിന്റെ ഹാട്രിക് ഗോളുകളാണ് ലീഡ്‌സിന് വിജയം സമ്മാനിച്ചത്. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റിലാണ് ആദ്യ. ഗോള്‍ പിറന്നത്. 12 മിനിറ്റുകള്‍ക്ക് ശേഷം ബാംഫോര്‍ഡ് ലീഡുയര്‍ത്തി. മതേയൂസ് ക്ലിഷിന്റെ അസിസ്റ്റിലായിരുന്ന ഗോള്‍. 74ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. ഹെല്‍ഡര്‍ കോസ്റ്റയുടെ ഗോളില്‍ ബാംഫോര്‍ഡ് ഹാട്രിക് പൂര്‍ത്തിയാക്കി. 19 മിനിറ്റുകള്‍ക്കിടെയാണ് മൂന്ന് ഗോളും ആസ്റ്റണ്‍ വില്ലയുടെ വലയില്‍ കയറിയത്. 

അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു തോല്‍വിയുമുള്ള ആസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഡ്‌സ് 10 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് ലീഡ്‌സിന്റെ അക്കൗണ്ടില്‍.

ലാ ലിഗയില്‍ എല്‍ഷെ ഒന്നിനെതിരെ രണ്ട് ഗോളിന് വലന്‍സിയയെ അട്ടിമറിച്ചു. ജോസ് അന്റോണിയോ ഫെര്‍ണാണ്ടസ്, ഫിഡെല്‍ ചാവേസ് എന്നിവരാണ് എല്‍ഷെയുടെ ഗോള്‍ നേടിയത്. ടോണി ലാറ്റോയുടെ വകയായിരുന്നു വലന്‍സിയയുടെ ഏകഗോള്‍. സീരി എയില്‍ സസൗളൊ- ടോറിനോ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി.

click me!