ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വീണ്ടും തിരിച്ചടി; അത്‌ലറ്റികോ മാഡ്രിഡിനും പോര്‍ച്ചുഗീസ് താരത്തെ വേണ്ട

By Web TeamFirst Published Jul 20, 2022, 12:05 PM IST
Highlights

ഇക്കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ച റൊണാള്‍ഡോ പ്രീസീസണ്‍ പരിശീലന ക്യാംപില്‍ നിന്നും സന്നാഹ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് (Cristiano Ronaldo) വീണ്ടും തിരിച്ചടി. സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid) ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്ന് പിന്‍മാറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (Manchester United) യുവേഫ ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കരിയറില്‍ ഇന്നുവരെ ചാംപ്യന്‍സ് ലീഗ് സീസണ്‍ നഷ്ടമായിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. 

ഇക്കാര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ച റൊണാള്‍ഡോ പ്രീസീസണ്‍ പരിശീലന ക്യാംപില്‍ നിന്നും സന്നാഹ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക് ക്ലബുകള്‍ ആദ്യം റൊണാള്‍ഡോയില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്ന് പിന്‍മാറി. റൊണാള്‍ഡോ വ്യക്തിഗത മികവ് പുലര്‍ത്തുമെങ്കിലും ടീമിന്റെ താളം തെറ്റുമെന്ന നിലാപാടിലായിരുന്നു ഈ ക്ലബുകളിലെ പരിശീലകര്‍. 

ഇതിന് പിന്നാലെയാണിപ്പോള്‍ ഡിഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡും റൊണാള്‍ഡോയ്ക്കായുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നത്. ഈ സീസണോടെ ടീം വിടുന്ന ലൂയിസ് സുവാരസിന് പകരമാണ് സിമിയോണി റൊണാള്‍ഡോയെ പരിഗണിച്ചത്. എന്നാല്‍ റൊണാള്‍ഡോയുടെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയും ശമ്പളവും താങ്ങാനാവില്ലെന്നാണ് അത്‌ലറ്റികോ മാഡ്രിഡ് മാനേജ്‌മെന്റിന്റെ നിലപാട്. 

യുണൈറ്റഡുമായി ഒരുവര്‍ഷ കരാര്‍ ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോയെ സ്വന്തമാക്കുക മറ്റ് ക്ലബുകള്‍ക്ക് എളുപ്പമാവില്ല. ഇതേസമയം, റൊണാള്‍ഡോയെ വിട്ടുനല്‍കില്ലെന്ന് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. തന്റെ ഗെയിംപ്ലാനില്‍ റൊണാള്‍ഡോയ്ക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും സൂപ്പര്‍ താരവുമായി ഒരുവര്‍ഷത്തേക്ക് പുതുക്കാനാണ് ആലോചിക്കുന്നതെന്നും എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി.

click me!