ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തിളങ്ങി ബാഴ്‌സലോണ; വമ്പന്‍ താരങ്ങളെത്തില്ല, റയല്‍ മാഡ്രിഡിന്റെ പദ്ധതികളിങ്ങനെ

By Web TeamFirst Published Jul 20, 2022, 11:14 AM IST
Highlights

ലാ ലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം നേടിയ ടീമിന് വരുന്ന സീസണിലും മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് റയല്‍ മാനേജ്‌മെന്റ് വിശ്വസിക്കുന്നു.

മാഡ്രിഡ്: ചിരവൈരികളായ ബാഴ്‌സലോണ (Barcelona) ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ വാങ്ങിക്കൂട്ടുമ്പോഴും കുലുക്കമില്ലാതെ തുടരുകയാണ് റയല്‍ മാഡ്രിഡ് (Real Madrid). ഇത്തവണ വമ്പന്‍ താരങ്ങളെയൊന്നും ടീമില്‍ എത്തിക്കേണ്ടെന്നാണ് സ്പാനിഷ് ചാംപ്യന്‍മാരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫിഞ്ഞ (Raphinha), ഫ്രാങ്ക് കെസി, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ ടീമിലെത്തിച്ച എഫ് സി ബാഴ്‌സലോണ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലേയുടെ കരാര്‍ പുതുക്കുകയും ചെയ്തു. 

ലാ ലീഗിയലെ ഏറ്റവും വലിയ എതിരാളികളായ ബാഴ്‌സലോണ വമ്പന്‍ താരങ്ങളെ വാങ്ങിക്കൂട്ടിയിട്ടും റയല്‍ മാഡ്രിഡിന് കുലുക്കമൊന്നുമില്ല. അന്റോണിയോ റൂഡിഗള്‍, ഒറേലിയന്‍ ചുവാമെനി എന്നിവരെ സ്വന്തമാക്കിയ റയല്‍ പുതിയ താരങ്ങള്‍ക്കായി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലേക്ക് ഇപ്പോള്‍ ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ്. പകരം ടീമില്‍ നിന്ന് ചിലതാരങ്ങളെ ഒഴിവാക്കുന്നതിനാണ് റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി പ്രാധാന്യം നല്‍കുന്നത്. 

ലാ ലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം നേടിയ ടീമിന് വരുന്ന സീസണിലും മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് റയല്‍ മാനേജ്‌മെന്റ് വിശ്വസിക്കുന്നു. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും കാസിമിറോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും തിബോത് കോര്‍ത്വയുമെല്ലാം ഉള്‍പ്പെട്ട റയല്‍ ഇപ്പോഴും ശക്തരാണ്. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയെ ടീമിലെത്തിക്കാന്‍ ഉറപ്പിച്ചായിരുന്നു റയലിന്റെ പദ്ധതികളെല്ലാം.

വാക്കാല്‍ ധാരണയില്‍ എത്തിയതിന് ശേഷം എംബാപ്പേ പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഖത്തര്‍ ലോകകപ്പ് വരെ കാത്തിരിക്കാനാണ് റയലിന്റെ തീരുമാനം. ഖത്തര്‍ ലോകകപ്പില്‍ പുതിയ താരോദയങ്ങള്‍ ഉണ്ടാവുമെന്നും ഇവരില്‍ ചിലരെ ജനുവരിയിലെ മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സ്വന്തമാക്കാനുമാണ് റയലിന്റെ പുതിയ പദ്ധതി.

അതേസമയം, മാഡ്രിഡ് സന്നാഹ മത്സരങ്ങള്‍ക്കായി അമേരിക്കയിലെത്തി. ഞായറാഴ്ച ബാഴ്‌സലോണയ്ക്ക് എതിരെയാണ് റയലിന്റെ ആദ്യമത്സരം. 29 അംഗ ടീമിനെയാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി സന്നാഹമത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈസീസണില്‍ ടീമിലെത്തിയ ചുവേമനിയും റൂഡിഗറും സംഘത്തിലുണ്ട്.
 

click me!