
സിയോള്‍: പുതിയ സീസണ് മുന്നോടിയായുളള രണ്ടാം സന്നാഹമത്സരത്തില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ബാഴ്‌സ മൂന്നിനെതിരെ ഏഴ് ഗോളിന് കൊറിയന്‍ ക്ലബ് എഫ് സി, സിയോളിനെ തോല്‍പിച്ചു. എട്ടാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ ഡോവ്‌സ്‌കിയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. പതിനാലാം മിനിറ്റിലും ആദ്യപകുതിയുടെ ഇഞ്ചുറിടൈമിലും ലാമിന്‍ യമാല്‍ നേടിയ ഗോളുകള്‍ ബാഴ്‌സയുടെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ഫെറാന്‍ ടോറസ് രണ്ടും ആന്ദ്രേസ് ക്രിസ്റ്റ്യന്‍സനും, ഗാവിയും ബാഴ്‌സയ്ക്കായി ഓരോ ഗോളുകള്‍ നേടി.
ബാഴ്‌സലോണ ആദ്യ സന്നാഹമത്സരത്തില്‍ ജപ്പാന്‍ ക്ലബ് വിസെല്‍ കോബിനെ തോല്‍പിച്ചിരുന്നു. തിങ്കളാഴ്ച ഡെയ്ഗു എഫ് സിക്കെതിരായാണ് ഏഷ്യന്‍ പര്യടനത്തില്‍ ബാഴ്‌സയുടെ അവസാന മത്സരം. ഓഗസ്റ്റ് പതിനാറിന് മയോര്‍ക്കയ്ക്ക് എതിരെയാണ് സ്പാനിഷ് ലീഗ് സീസണില്‍ ബാഴ്‌സയുടെ ആദ്യമത്സരം. ഇതിന് മുന്‍പ് ഓഗസ്റ്റ് പതിനൊന്നിന് ബാഴ്‌സ, യുവാന്‍ ഗാംപര്‍ ട്രോഫിയില്‍ ഇറ്റാലിയന്‍ ക്ലബ് കോമോയെ നേരിടും. ഈ മത്സരത്തിലൂടെ രണ്ട് വര്‍ഷത്തിന് ശേഷം നവീകരിച്ച കാംപ് നൗ സ്റ്റേഡിയത്തില്‍ പന്തുരുളും.
കാംപ് നൗ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കളത്തട്ടുകളില്‍ ഒന്നാണ്. 1957 സെപ്റ്റംബര്‍ 24ന് തുടങ്ങിയ കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മെയിലാണ് ബാഴ്‌സലോണ കാംപ നൗവില്‍ അവസാന ഹോം മത്സരം കളിച്ചത്. 99000 പേര്‍ക്കിരിക്കാവുന്ന സൗകര്യം സ്റ്റേഡിയത്തിലുണ്ട്. പക്ഷേ ഓഗസ്റ്റ് പത്തിന് പകുതിയില്‍ താഴെ കാണികള്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാവുക. ഇതിന് മുന്‍പ് 35000 കാണികളെ പ്രവേശിപ്പിച്ച് ഗാലറികളില്‍ പരിശോധന നടത്തും. പതിനയ്യായിരം കോടി രൂപയാണ് നിര്‍മാണ ചെലവ്.
അവസാന രണ്ട് സീസണില്‍ ബാഴ്‌സയുടെ ഹോം മത്സരങ്ങള്‍ നടന്നത് ഒളിംപിക് സ്റ്റേഡിയത്തിലായിരുന്നു. 2030 ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുന്നത് സ്‌പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ്. 2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.