
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബാഴ്സലോണ സെമിയിലെത്തി. ഇരട്ടഗോളുമായി കളം നിറഞ്ഞുകളിച്ച അർജന്റീനൻ താരം ലിയോണല്‍ മെസിയാണ് ബാഴ്സക്ക് വിജയമൊരുക്കിയത്. ഓൾഡ് ട്രാഫോർഡിലെ സെൽഫ് ഗോൾ കടവുമായി ബാഴ്സയുടെ തട്ടകത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് മെസ്സിയുടെ ബൂട്ടുകൾക്ക് മുന്നിൽ കാഴ്ചക്കാരാകേണ്ടിവന്നു.
നൗകാംപിലെ ആർത്തിരമ്പുന്ന ആരാധകരെ സാക്ഷിയാക്കി ഇറങ്ങിയ ലിയോണൽ മെസ്സി ചുവന്ന ചെകുത്താന്‍മാരുടെ വാതിലുകൾ കൊട്ടിയടയ്ക്കുകയായിരുന്നു. ഏറെകുറെ ഒറ്റയ്ക്ക് തന്നെയായിരുന്നു മെസിയുടെ കുതിപ്പ്. പതിനാറാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. 20 വാരയ്ക്കപ്പുറത്ത് നിന്ന് മെസി തൊടുത്ത മനോഹര ഗോളിന് മുന്നിൽ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇതിന്‍റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുമ്പെ മെസിയുടെ രണ്ടാം ഗോൾ മാഞ്ചസ്റ്ററിന്റെ വല കുലുക്കി. ഇക്കുറി ഗോളിയുടെ പിഴവായിരുന്നു വില്ലനായത്. 61 ാം മിനിട്ടിൽ കുട്ടീഞ്ഞോയുടെ ഗോൾ യുണൈറ്റഡിന് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. ആദ്യപാദത്തിലെ ഒരു ഗോൾ കടം ഉൾപ്പെടെ നാലു ഗോളുകൾക്ക് ബാഴ്സയോട് അടിയറവ് പറഞ്ഞ് യുണൈറ്റഡ് മടങ്ങി.
സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കാനുള്ള മറ്റൊരു മത്സരത്തിൽ അയാക്സിന് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിന് അടിതെറ്റുകയായിരുന്നു. രണ്ടാംപാദ ക്വാർട്ടറിൽ റൊണാൾഡോയുടെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാരുടെ തകർച്ച. 28 ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോ വല കുലുക്കിയത്.
എന്നാൽ പതറാതെ കളിച്ച അയാക്സിനായി 34 ാം മിനിട്ടിൽ വാൻ ഡേ ബീക്കും 67 ാം മിനിട്ടിൽ ഡീ ലൈറ്റും വലകുലിക്കിയതോടെ അട്ടിമറി പൂര്‍ത്തിയായി. ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. 9 വർഷങ്ങൾക്ക് ശേഷമാണ് റോണാൾഡോയുടെ ടീം ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ പുറത്താകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!