
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ പ്രീക്വാർട്ടറിൽ ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡിനെയും യുവന്‍റസ്, അയാക്സിനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
ഓൾഡ് ട്രാഫോർഡിലെ സെൽഫ് ഗോൾ കടവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തിൽ ഇറങ്ങുന്നത്. നൗകാംപിലെ ആർത്തിരമ്പുന്ന ആരാധകർക്ക് മുന്നിൽ ലിയോണൽ മെസിക്കും സംഘത്തിനും കരുത്ത് ഇരട്ടിയാണ്. ബാഴ്സയുടെ മികവിനെ മറികടക്കണമെങ്കിൽ യുണൈറ്റഡിന് നിലവിലെ കളി മതിയാവില്ല. പ്രീക്വാർട്ടറിൽ പി എസ് ജിക്കെതിരെ പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചടിച്ച പ്രകടനം യുണൈറ്റഡ് ആവർത്തിക്കുമെന്ന് പോൾ പോഗ്ബ ആരാധകർക്ക് ഉറപ്പുനൽകുന്നു.
മെസി, സുവാരസ്, കുടീഞ്ഞോ ത്രയത്തെ പിടിച്ചുകെട്ടാൻ യുണൈറ്റഡ് പതിനെട്ടടവും പുറത്തെടുക്കേണ്ടിവരും. മാറ്റിച്, സാഞ്ചസ്, ഹെരേര എന്നിവർ പരുക്ക് മാറിയെത്തിയാൽ യുണൈറ്റഡിന്‍റെ കരുത്ത് കൂടും. പോഗ്ബയും റഷ്ഫോർഡും ലുക്കാക്കുവും ഫോമിലേക്കുയർന്നാൽ ബാഴ്സ വിയർക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസ് ഹോം ഗ്രൗണ്ടിലാണ് അയാക്സിനെ നേരിടുന്നത്. ആദ്യപാദത്തിൽ ഇരുടീമും ഓരോഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ അസാധ്യ മികവ് പുറത്തെടുക്കുന്ന റൊണാൾഡോയിൽ തന്നെയാണ് യുവന്‍റസിന്‍റെ പ്രതീക്ഷകളെല്ലാം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തിയെത്തുന്ന
അയാക്സിന്‍റെ കരുത്ത് യുവതാരങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!