ബാഴ്സയിൽ കാര്യമായ അഴിച്ചുപണി വേണമെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ

By Web TeamFirst Published May 24, 2021, 1:33 PM IST
Highlights

കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കിയാൽ മാത്രമേ ബാഴ്സലോണയ്ക്ക് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്ന നിലവാരത്തിനൊത്ത് കളിക്കാൻ കഴിയൂ എന്നും കൂമാൻ

ബാഴ്സലോണ: ബാഴ്സലോണ ടീമിൽ കാര്യമായ അഴിച്ചുപണി അത്യാവശ്യമാണെന്ന് കോച്ച് റൊണാൾഡ് കൂമാൻ. നിലവിലെ ടീമിനെ വച്ച് പ്രതീക്ഷിക്കുന്ന നിലവാരത്തിൽ കളിക്കാൻ കഴിയില്ലെന്നും കൂമാൻ പറഞ്ഞു. ഒറ്റക്കീരടവുമായാണ് കോച്ച് റൊണാൾഡ് കൂമാൻ ബാഴ്സലോണയിലെ ആദ്യ സീസൺ പൂർത്തിയാക്കിയത്.

ലാ ലീഗയിൽ ബാഴ്സ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ഏക ആശ്വാസം കിംഗ്സ് കപ്പ് കിരീടമായിരുന്നു. ഈ ടീമുമായി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് കൂമാൻ പറയുന്നത്. ബാഴ്സലോണയുടെ ചുമതല ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന താരങ്ങളുമായാണ് ഈ സീസണിൽ കളിച്ചത്. പലതാരങ്ങളും കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിയവരാണ്.

യുവതാരങ്ങക്കാണെങ്കിൽ മത്സര പരിചയം വളരെക്കുറവും. ലഭ്യമായ താരങ്ങളുമായി ഇതിൽകൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ പ്രയാസമാണ്. കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കിയാൽ മാത്രമേ ബാഴ്സലോണയ്ക്ക് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്ന നിലവാരത്തിനൊത്ത് കളിക്കാൻ കഴിയൂ എന്നും കൂമാൻ പറഞ്ഞു.

അടുത്ത സീസണിലും താൻ പരിശീലകനായി തുടരുമോയെന്ന് ടീം മാനേജ്മെന്റാണ് തീരുമാനിക്കേണ്ടതെന്നും കൂമാൻ വ്യക്തമാക്കി. സ്പെയ്നിലെയും യൂറോപ്പിലെയും കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ടീമായി ബാഴ്സലോണയെ മാറ്റിയെടുക്കുമെന്നും, താരനിരയിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ക്ലബ് പ്രസിഡന്റ് യുവാൻ ലോപ്പർട്ട കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

click me!