ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്ക് കിരീട സാധ്യത കുറവ്: കൂമാൻ

By Web TeamFirst Published Feb 1, 2021, 11:49 AM IST
Highlights

ബാഴ്‌സയിലെ മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്തായ സംഭവത്തിലും റൊണാൾഡ് കൂമാന്‍ പ്രതികരിച്ചു. 

ബാഴ്‌സലോണ: ലാ ലിഗയിൽ ബാഴ്‌സലോണ കിരീടം നേടാൻ സാധ്യത കുറവാണെന്ന് കോച്ച് റൊണാൾഡ് കൂമാൻ. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് കിരീട സാധ്യതയുണ്ടെന്നും കൂമാൻ പറഞ്ഞു. 

'കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം പ്രതീക്ഷിച്ച പല താരങ്ങളേയും ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഫിലിപെ കുട്ടീഞ്ഞോ, അൻസു ഫാറ്റി, ജെറാർഡ് പിക്വേ തുടങ്ങിയ താരങ്ങൾക്ക് പരിക്കേറ്റതും തിരിച്ചടിയായി. യുവതാരങ്ങളുമായാണ് ബാഴ്സലോണ ഇപ്പോൾ പൊരുതുന്നത്. കിരീടങ്ങൾക്ക് വേണ്ടിയാണ് പൊരുതുന്നതെങ്കിലും യാഥാർഥ്യങ്ങൾ എല്ലാവരും അംഗീകരിക്കണം. ലാ ലിഗയിൽ നിലവിലെ സാഹചര്യത്തിൽ കിരീടം നേടാൻ സാധ്യത കുറവാണ്. ചാമ്പ്യൻസ് ലീഗിൽ ആർക്കും വ്യക്തമായ മുൻതൂക്കമില്ലാത്തതിനാൽ ബാഴ്‌സയ്‌ക്കും കിരീട സാധ്യതയുണ്ട്' എന്നും കൂമാൻ പറഞ്ഞു. 

മെസിയുടെ കരാര്‍ ചോര്‍ച്ച; ആഞ്ഞടിച്ച് കൂമാന്‍

ബാഴ്‌സയിലെ മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്തായ സംഭവത്തിലും റൊണാൾഡ് കൂമാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ബാഴ്‌സലോണ നിയമനടപടികളുമായി മുന്നോട്ടുപോകും എന്ന് പ്രഖ്യാപിച്ചിരിക്കേയാണ് കൂമാന്‍റെ വാക്കുകള്‍. 

'ബാഴ്‌സയിലെ പ്രതിസന്ധിയുമായി മെസിയെ ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ബാഴ്‌സയില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ച മെസി ക്ലബിനായി പ്രധാനപ്പെട്ട നിരവധി ട്രോഫികള്‍ നേടിത്തന്ന താരമാണ്. ബാഴ്‌സയുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന ആരോ ആണ് കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ടുപോകും. ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസിയെന്ന് നമുക്ക് ഏറെക്കാലമായി അറിയാം. ക്ലബിനായി മെസി ചെയ്ത സംഭാവനകളെ ബഹുമാനിക്കേണ്ടതുണ്ട്. ബാഴ്‌സയിലുള്ള ആരെങ്കിലുമാണ് കരാര്‍ വിവരങ്ങള്‍ ലീക്കായതിന് പിന്നിലെങ്കില്‍ ക്ലബില്‍ അവര്‍ക്ക് ഭാവിയുണ്ടാവില്ല' എന്നും കൂമാന്‍ കൂട്ടിച്ചേര്‍ത്തു. 

മെസിയുടെ കരാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; നിയമനടപടിയുമായി ബാഴ്‌സലോണ

click me!