കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ദില്ലിയില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി: അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയുടെ ദില്ലി സന്ദര്‍ശനം വൈകുന്നു. ദില്ലിയിലെ കനത്ത മൂടല്‍മഞ്ഞുകാരണം മെസി ഡല്‍ഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയില്‍ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകള്‍. മെസിയെ നേരില്‍ക്കാണാനായി മലയാളികള്‍ അടക്കമുള്ള ആരാധകരുടെ നീണ്ടനിര തന്നെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തുണ്ട്. 6000 രൂപ കൊടുത്താണ് മെസിയെ കാണാന്‍ ടിക്കറ്റെടുത്തതെന്ന് മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈകിയാലും മെസിയെ ഒന്ന് കണ്ടാല്‍ മതിയെന്നും മലയാളികള്‍ പറഞ്ഞു.

ആരാധകരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ദില്ലിയില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിലും മെസി കളിക്കുന്നുണ്ട്.

ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ദില്ലിയിൽ പുകമഞ്ഞ് ശക്തമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരം. വായുമലിനീകരണം രൂക്ഷമായതോടെ സർക്കാർ നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. പാർലമെന്റിലും വിഷയം പ്രതിപക്ഷം ഉയർത്തി. കോൺഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായുമലിനീകരണത്തെ പറ്റി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും എന്നാണ് പ്രതിപക്ഷ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക