
മാഡ്രിഡ്: സൂപ്പർ ലീഗുമായി മുന്നോട്ട് പോകുന്നതിനിടെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ. നാളത്തെ എൽ ക്ലാസിക്കോയ്ക്ക് മുൻപ് നടക്കേണ്ട വിരുന്നു സത്കാരത്തിൽ നിന്ന് ബാഴ്സലോണ പിന്മാറി. റഫറിക്ക് ബാഴ്സലോണ പണം നൽകിയിരുന്നെന്ന ആരോപണത്തിൽ യുവേഫ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്പാനിഷ് റഫറിമാരുടെ ടെക്നിക്കൽ കമ്മിറ്റി വൈസ് പ്രസിഡന്‍റിന് ബാഴ്സലോണ പല തവണയായി പണം നൽകിയെന്ന ആരോപണത്തിലാണ് നിലവിൽ അന്വേഷണം തുടരുന്നത്.
അന്വേഷണത്തിൽ ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡ് നിലപാടെടുത്തതോടെയാണ് വിരുന്നുസത്കാരത്തിൽ നിന്നുള്ള പിന്മാറ്റം. എൽ ക്ലാസിക്കോ മത്സരം നടക്കുന്നതിന് മുൻപ് ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളുടെ പ്രതിനിധികൾ വിരുന്ന് സത്കാരത്തിൽ പങ്കെടുക്കുന്നതാണ് പതിവ്. നാളെയാണ് എൽ ക്ലാസിക്കോ മത്സരം നടക്കേണ്ടത്. അഥേസമയം, ബാഴ്സലോണയ്ക്കെതിരായ അന്വേഷണം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഗുരുതരമായ സാഹചര്യമാണെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ വ്യക്തമാക്കി.
ഇതിനിടെ വ്യാജ തെളിവുകളുമായി ആരോപണമുന്നയിച്ച ലാലിഗ പ്രസിഡന്‍റ് ഹാവിയർ ടെബസ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ബാഴ്സലോണയും രംഗത്തെത്തിയിട്ടുണ്ട്. ബാഴ്സലോണ, റയൽ മാഡ്രിഡ് ക്ലബ്ബുകൾ നേതൃത്വം നൽകുന്ന സൂപ്പർലീഗ് ശ്രമങ്ങൾക്കും പുതിയ സാഹചര്യം തിരിച്ചടിയാകും.
ചാംപ്യൻസ് ലീഗിന് സമാനമായി ക്ലബ്ബുകൾ ആലോചിച്ച സൂപ്പർലീഗിന് അനുകൂലമായി കായിക തർക്കപരിഹാര കോടതി വിധി വന്നിരുന്നു. കോപ്പ ഡെല്‍ റേ സെമി ഫൈനലിന്‍റെ രണ്ടാം ലെഗ് പോരാട്ടത്തിലാണ് ബാഴ്സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുന്നത്. ആദ്യ ലെഗില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണയാണ് ജയിച്ചത്. തുടര്‍ച്ചയായിട്ടുള്ള എല്‍ ക്ലാസിക്കോ തോല്‍വിക്ക് മറുപടി കൊടുക്കാനാണ് റയല്‍ ക്യാമ്പ് ന്യൂവിലേക്ക് എത്തുന്നത്. സാവിയുടെ കീഴില്‍ ലീഗില്‍ മിന്നുന്ന ഫോമിലാണ് ബാഴ്സ കളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!