Latest Videos

ലാ ലിഗയുടെ പിടി അയയുന്നു, ബാഴ്‌സലോണയ്ക്ക് ആശ്വാസം; ലെവന്‍ഡോസ്‌കി ഉള്‍പ്പെടെ നാല് താരങ്ങളെ രജിസ്റ്റര്‍ ചെയ്തു

By Web TeamFirst Published Aug 13, 2022, 5:24 PM IST
Highlights

ഇതിനിടെ സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പിക്വേയും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്സും ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചത്. ഫ്രങ്കി ഡിയോംഗ് ശന്പളം കുറയ്ക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിയായി തുടരുകയും ചെയ്യുന്നു.

ബാഴ്‌സോലണ: ലാലിഗ മത്സരങ്ങള്‍ക്ക് ഇറങ്ങുന്ന ബാഴ്‌സലോണയ്ക്ക് ആശ്വാസം. പുതിയ സീസണില്‍ ടീമിലെത്തിച്ച നാല് താരങ്ങളെ ലാ ലിഗയില്‍ രജിസ്റ്റര്‍ ചെയ്തു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, ഫ്രാങ്ക് കെസി, ക്രിസ്റ്റ്യന്‍സെന്‍ എന്നിവരെ കളിപ്പിക്കാം. ബാഴ്‌സലോണ ഇന്ന് ആദ്യമത്സരത്തിനിറങ്ങും. അതേസമയം യൂള്‍സ് കൗണ്ടെയെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബാഴ്‌സ സ്റ്റുഡിയോസിന്റെ 25% വിറ്റഴിച്ചും ജെറാദ് പിക്വെ ശമ്പളം വെട്ടിക്കുറച്ചതുമാണ് താരങ്ങളുടെ രജിസ്‌ട്രേഷന് സഹായകരമായത്.

സാമ്പത്തിക നിയന്ത്രണങ്ങളുള്ളതിനാല്‍ ബാഴ്‌സലോണയുടെ വരുമാനം അടിസ്ഥാനമാക്കിയാണ് താരങ്ങളുടെ ശമ്പളം കണക്കാക്കാനാകൂ. ഇതനുസരിച്ച് ബാഴ്സയുടെ പരിധിയേക്കാള്‍ വളരെ ഉയരെയാണ് പുതിയ സൈനിംഗുകള്‍. യൂള്‍സ് കൗണ്ടെയെ രജിസ്റ്റര്‍ ചെയ്യാന്‍ ചിലതാരങ്ങളെ വിറ്റഴിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അടുത്തമാസം ഒന്നാംതീയതി വരെ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാം. ഡച്ച്താരം ഫ്രാങ്കി ഡിയോങ്ങിനെ സീസണില്‍ വില്‍ക്കാമെന്നാണ് ബാഴ്‌സലോണ കരുതുന്നത്.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നിലവിലെ താരങ്ങളില്‍ കുറേയധികംപേരെങ്കിലും ശമ്പളം കുറയ്ക്കുകയോ, ഉയര്‍ന്ന വേതനം പറ്റുന്ന ചില താരങ്ങളെ വിറ്റ് ഒഴിവാക്കുകയോ ചെയ്യണമായിരുന്നു. കഴിഞ്ഞയാഴ്ച പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമിച്ചെങ്കിലും ലാ ലീഗ അധികൃതര്‍ അനുവദിച്ചിരുന്നില്ല. 

ഇതിനിടെ സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പിക്വേയും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്സും ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചത്. ഫ്രങ്കി ഡിയോംഗ് ശന്പളം കുറയ്ക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിയായി തുടരുകയും ചെയ്യുന്നു. ഇതിനിടെ ക്ലബ് മാറാന്‍ താല്‍പര്യമില്ലെന്ന് ഡിയോംഗ് ആവര്‍ത്തിക്കുകയായിരുന്നു. 

നേരത്തെ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗാണ് ബാഴ്‌സലോണയുടെ ഡച്ച് താരം ഫ്രങ്കി ഡിയോംഗിനെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. അയാക്‌സില്‍ എറിക്കിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്.

click me!