ലാ ലിഗയ്ക്ക് ഇന്ന് തുടക്കം, പിഎസ്ജി രണ്ടാം മത്സരത്തിന്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും

Published : Aug 13, 2022, 05:05 PM ISTUpdated : Aug 13, 2022, 05:06 PM IST
ലാ ലിഗയ്ക്ക് ഇന്ന് തുടക്കം, പിഎസ്ജി രണ്ടാം മത്സരത്തിന്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും

Synopsis

ആദ്യമത്സരത്തില്‍ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തിന് എവേ മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെന്‍ഹാഗിന് തലവേദന.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിന് ഇറങ്ങും. ആഴ്‌സനലിനും എവര്‍ട്ടനും ഇന്ന് മത്സരമുണ്ട്. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി രാത്രി ഏഴരയ്ക്ക് ബേണ്‍മൗത്തിനെ നേരിടും. ആദ്യമത്സരത്തില്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ച സിറ്റി, ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ട ഏര്‍ലിംഗ് ഹാളണ്ടിന്റെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കുന്നത്. ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ഡിബ്രുയിന്‍, ഗുണ്ടോഗന്‍, റോഡ്രി തുടങ്ങി ശക്തരുടെ നിരയുള്ള നീലപ്പടയുടെ പ്രതിരോധത്തിലെ പിഴവുകളാണ് പെപ് ഗ്വാര്‍ഡിയോളയുടെ ആശങ്ക. മത്സരം ഇത്തിഹാദിലാണെന്നത് സിറ്റിയുടെ കരുത്ത് കൂട്ടും. 

ആദ്യമത്സരത്തില്‍ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തിന് എവേ മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെന്‍ഹാഗിന് തലവേദന. ആഴ്‌സനല്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും. സ്റ്റീവന്‍ ജെറാര്‍ദ് പരിശീലിപ്പിക്കുന്ന ആസ്റ്റന്‍ വില്ലയ്ക്ക് ഫ്രാങ്ക് ലാംപാര്‍ഡിന്റെ എവര്‍ട്ടനാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ സതാംപ്റ്റണ്‍, ലീഡ്‌സ് യുണൈറ്റഡിനെയും ബ്രൈറ്റന്‍, ന്യൂകാസിലിനെയും വോള്‍വ്‌സ്, ഫുള്‍ഹാമിനെയും നേരിടും.

സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം

സ്പാനിഷ് ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. സെല്‍റ്റ വിഗോ- എസ്പാന്യോള്‍ മത്സരത്തോടെയാണ് ലാലിഗയുടെ പുതിയ സീസണിന് തുടക്കമാവുക. രാത്രി എട്ടരയ്ക്കാണ് മത്സരം. മുന്‍ ചാംപ്യന്മാരായ ബാഴ്‌സലോണ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. രാത്രി പന്ത്രണ്ടരക്ക് റയോ വയേക്കാനോയ്ക്ക് എതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം. മറ്റ് മത്സരങ്ങളില്‍ ഒസാസുന, സെവിയ്യയെയും വിയ്യാറയല്‍, വയ്യാഡോളിഡിനെയും നേരിടും. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് നാളെയാണ് ആദ്യ മത്സരം. അത്‌ലറ്റിക്കോ മാഡ്രിഡ് മറ്റന്നാള്‍ ആദ്യ മത്സരത്തിന് ഇറങ്ങും.

പിഎസ്ജി ഇന്നിറങ്ങുന്നു

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ഇന്ന് രണ്ടാം മത്സരം. രാത്രി പന്ത്രണ്ടരയ്ക്കാണ് മോണ്‍പെല്ലിയറിനെതിരായ മത്സരം. ആദ്യ മത്സരത്തില്‍ ക്ലെര്‍മണ്ട്ഫൂട്ടിനെ എതിരില്ലാത്ത 5 ഗോളിന് തോല്‍പ്പിച്ച പിഎസ്ജിയാണ് ലീഗില്‍ മുന്നില്‍. മത്സരത്തില്‍ ലിയോണല്‍ മെസി ബൈസിക്കിള്‍ കിക്കിലൂടെ അടക്കം ഇരട്ടഗോള്‍ നേടിയിരുന്നു. ലീഗിലെ ആദ്യ ഹോം മത്സരത്തിനാണ് പിഎസ്ജി ഇറങ്ങുന്നത്. ആദ്യമത്സരത്തില്‍ കളിക്കാതിരു കിലിയന്‍ എംബപ്പെ ഇന്നത്തെ മത്സരത്തില്‍ ടീമിലെത്തിയേക്കുമെന്നാണ് സൂചന. സീസണില്‍ ലിയോണല്‍ മെസിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം