
ബാഴ്‌സലോണ: അർജന്‍റൈൻ സൂപ്പർതാരം സെർജിയോ അഗ്യൂറോ (Sergio Aguero) ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഹൃദ്രോഗത്തെത്തുടർന്ന് ചികിത്സയിലുള്ള ബാഴ്‌സലോണ (Barcelona Fc) താരം നാളെ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്‌സ മാനേജ്മെന്‍റിനെ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ അലാവസിനെതിരായ മത്സരത്തിന്‍റെ 42-ാം മിനുറ്റിൽ ഗാലറിയെ നോക്കി നിരാശയോടെ അഗ്യൂറോ മൈതാനം വിടുകയായിരുന്നു. വിശദപരിശോധനയിൽ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തി. തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയെങ്കിലും ഒടുവിൽ കളിക്കളത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ആരാധകരുടെ കുൻ അഗ്യൂറോ. ലിയോണല്‍ മെസിയും അന്‍റോയിന്‍ ഗ്രീസ്‌മാനും ബാഴ്‌സ വിട്ടതോടെ ടീമിന്‍റെ നെടുന്തൂണാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് അഗ്യൂറോയ്ക്ക് ഹൃദ്രോഗം സ്ഥിരീകരിക്കുന്നത്.
ബാഴ്‌സലോണയ്ക്ക് വേണ്ടി അഞ്ച് കളികളിൽ മാത്രമേ അഗ്യൂറോ ബൂട്ട് കെട്ടിയിട്ടുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവർണകാലം. ടീമിന്‍റെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്‌മരണീയ ഗോൾ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്‍റെ ടോപ് സ്കോററായി.
അർജന്‍റീനയുടെ നീലക്കുപ്പായത്തിൽ മെസിയോടൊപ്പം പലതവണ കിരീടം കൈവിട്ടെങ്കിലും കോപ്പ അമേരിക്ക നേട്ടത്തിൽ അഗ്യൂറോയും പങ്കാളിയായി. ഒടുവില്‍ ആരോഗ്യത്തിനോട് പടവെട്ടി അഗ്യൂറോ ബൂട്ടുകളഴിക്കുകയാണ്. 18 വർഷം നീണ്ട കരിയറിനാണ് 33-ാം വയസിൽ വിരാമമാകുന്നത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണില്‍ അഗ്യൂറോ 90 മിനിറ്റും ബാഴ്സയില്‍ കളിച്ചത്.
മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ അദേഹത്തിന്‍റെ കൂടെ നിര്‍ബന്ധത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്‍റെ തുടക്കത്തിൽ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!